‘കദീശുമ്മയുടെ വര്‍ത്തമാനം’ ശുചിത്വയാത്രയുടെ ജൈത്രയാത്ര നാടിന് രക്ഷയാവുന്നു

news image
Oct 9, 2013, 10:45 pm IST payyolionline.in

 മത്സരത്തിന്റെ അരങ്ങിലേക്കല്ല ഈ കുട്ടികള്‍ വേഷമിടുന്നത്. നന്മയുടെ നല്ല പാഠത്തിന്റെ  തിരശ്ശീലയുയര്‍ത്തി പയ്യോളി ഗവ. ഹയര്‍സെക്കന്‍ഡറി  സ്കൂള്‍ ഹെല്‍ത്ത് ക്ലബ് അംഗങ്ങളായ 11 വിദ്യാര്‍ത്ഥികള്‍  വേഷമിടുന്നതും അഭിനയിക്കുന്നതും  നാട്ടുകാരുടെ ആരോഗ്യ സംരക്ഷണത്തിനുവേണ്ടിയാണ്. സ്കൂള്‍ സമയത്തിനു അവധി കൊടുക്കാതെ ഇവര്‍ തെരുവുകളില്‍ ഒരു നാടകം കളിച്ചുകൊണ്ടിരിക്കുന്നു…

 ‘കദീശുമ്മയുടെ  വര്‍ത്തമാനം’ എന്ന  തെരുവു നാടകം ജില്ലയില്‍ ഒട്ടേറെ വേദികളില്‍  അരങ്ങേറി. മലിനമായ  ചുറ്റുപാടുകളും പെരുകുന്ന കൊതുകുകളും എലികളും സൃഷ്ടിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുമാണ് ആരോഗ്യ ശലഭങ്ങള്‍ എന്ന പേരിലുള്ള നാടക സംഘം അവതരിപ്പിക്കുന്നത്.  എലിപ്പനി ബാധിച്ച് മകനെ നഷ്ടപ്പെട്ട കദീശുമ്മയാണ് നാടകത്തിലെ കേന്ദ്രകഥാപാത്രം. മകനെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്  ഉമ്മ എത്താവുന്ന ഇടങ്ങളിലെല്ലാം കയറിച്ചെല്ലുന്നു. നാളെയുണ്ടാകാവുന്ന  ദുരന്തത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നു. ഒന്നിച്ച് സംഘടിച്ച് കൊതുക് പെണ്ണിനും എലിച്ചെക്കനും കദീശുമ്മ  ആഹാരം മുടക്കുന്നു.  ഒടുക്കം കദീശുമ്മയുടെ  വര്‍ത്തമാനങ്ങളുടെ  സത്യം മറ്റുള്ളവര്‍ തിരിച്ചറിഞ്ഞു സംഘടിക്കുകയാണ്.  കുട്ടികള്‍ക്കിണങ്ങുന്ന  ഭാഷയും പാട്ടുകളും  ചേര്‍ത്ത് നാടകത്തിന്റെ രചന നിര്‍വഹിച്ചത് മലയാള നാടക വേദിയില്‍  ശ്രദ്ധേയനും കെ.പി എസിയുടെ ഏറ്റവും പുതിയ നാടകമായ നീലക്കുയിലിന്റെ രചയിതാവുമായ സുരേഷ്ബാബു  ശ്രീസ്ഥയാണ്. മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനാണ് സുരേഷ് ബാബു. ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ സഹായത്തോടെ മേലടി സാമൂഹിക ആരോഗ്യ കേന്ദ്രവും തിക്കോടി പഞ്ചായത്തുമാണ്  നാടകം ഒരുക്കിയത്. ബോധവല്‍ക്കരണത്തിന്റെ പതിവ് രീതിയില്‍നിന്നു വ്യത്യസ്തമായ കുട്ടികളുടെ നാടകത്തിന്റെ മുഖ്യ സംഘാടകന്‍ മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.ടി വിനോദനാണ്. കേരളത്തില്‍ കുട്ടികളുടെ നാടകവേദിയില്‍  പുതുയുടെ തിരശ്ശീലയുയര്‍ത്തിയതിനു ജോസഫ് മുണ്ടശേരി ബാലസാഹിത്യ അവാര്‍ഡ് ലഭിച്ച ശിവദാസ് പൊയില്‍ക്കാവാണ് നാടകം സംവിധാനം ചെയ്തത്.

 കുട്ടികള്‍  സായാഹ്നങ്ങളില്‍ ഗ്രാമീണ അരങ്ങുകളെ സമ്പന്നമാക്കുകയാണ്. അവര്‍ പറയുന്നതും പാടുന്നതും കേള്‍ക്കുക…, ഓര്‍ക്കുക രോഗം വരാതിരിപ്പാന്‍, രോഗപ്രതിരോധ മാര്‍ഗമുണ്ട്, രോഗങ്ങളെത്തുന്നതിനു മുന്‍പേ, രോഗത്തെ  ആട്ടിയകറ്റിമാറ്റാം,  വ്യക്തി ശുചിത്വത്തെകൊണ്ടുമാത്രം രോഗം വരാതിരിക്കില്ല, വീടും പരിസരവും മാത്രമല്ല, നാടും മാലിന്യ മുക്തമാക്കം.

സംവിധായകന്‍ ശിവദാസ്‌ പൊയില്‍ക്കാവ്‌

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe