കണ്ണൂർ പഴയങ്ങാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു

news image
Feb 2, 2023, 4:23 pm GMT+0000 payyolionline.in

പഴയങ്ങാടി: കാർ കത്തിയമർന്ന് ദമ്പതികൾ മരിച്ചതിന്റെ കണ്ണീരുണങ്ങും മുമ്പ് കണ്ണൂരിൽ വീണ്ടും അപകടമരണം. പഴയങ്ങാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. കാർയാത്രക്കാരിയായ പഴയങ്ങാടി മുട്ടത്തെ എം.പി ഫാത്തിമ (24), സ്കൂട്ടർ യാത്രിക കണ്ണപുരം നോർത്ത് എൽ.പി സ്കൂൾ അധ്യാപിക കീഴറയിലെ സി.പി. വീണ (47) എന്നിവരാണ് മരിച്ചത്. ഫാത്തിമയുടെ ഭർത്താവ് അടക്കം അഞ്ചുപേരെ പരിക്കുക​ളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പഴയങ്ങാടി റെയിൽവെ മേൽപാലത്തിന് സമീപമായിരുന്നു അപകടം. കണ്ണൂർ ഭാഗത്തുനിന്ന് വരികയായിരുന്ന കാറും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഇന്ന് വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ണൂർ പരിയാരം ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കണ്ണൂരിൽ ഇന്ന് രാവിലെയാണ് ഓടിക്കൊണ്ടിരുന്ന കാർ കത്തി പൂർണ ഗർഭിണിയും ഭർത്താവും വെന്തു മരിച്ചത്. കുറ്റ്യാട്ടൂർ സ്വദേശികളായ റീഷ (26), ഭർത്താവ് പ്രജിത്ത് (32) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന നാലു ബന്ധുക്കൾ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

കണ്ണൂർ ജില്ല ആശുപത്രിക്ക് സമീപം രാവിലെ 11ഓടെയാണ് ദാരുണമായ അപകടം. കാറിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്നു കുടുംബം. ആശുപത്രിയിലെത്താൻ മീറ്ററുകൾ മാത്രം ശേഷിക്കേയാണ് കാറിൽ തീ പടർന്നത്. മുൻ സീറ്റിൽ റീഷയും പ്രജിത്തും പിൻ സീറ്റിൽ ബന്ധുക്കളുമാണ് ഉണ്ടായിരുന്നത്. ഡോർ ലോക്ക് ആയി മുൻ സീറ്റിലിരുന്നവർ കുടുങ്ങിപ്പോകുകയായിരുന്നെന്ന് ദൃസാക്ഷി പറഞ്ഞു. തൊട്ടടുത്തുണ്ടായിരുന്ന ഫയർ ഫോഴ്സ് ഓഫീസിൽനിന്നും അഗ്നിശമന സേനാംഗങ്ങൾ ഉടനെത്തി തീ അണച്ചെങ്കിലും റീഷയും പ്രജിത്തും മരിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe