കണ്ണൂർ ഇന്ദിരാ ഗാന്ധി ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പ്‌: വോട്ടെടുപ്പ്‌ കേന്ദ്രത്തിന്‌ മുന്നിൽ സംഘർഷം

news image
Dec 5, 2021, 10:41 am IST payyolionline.in

കണ്ണൂർ : കണ്ണൂർ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പിനിടെ സംഘർഷം. കെ സുധാകരനെ പിന്തുണയ്‌ക്കുന്ന വിഭാഗവും മമ്പറം ദിവാകരൻ നേതൃത്വം നൽകുന്ന വിഭാഗവുമാണ്‌ ഏറ്റുമുട്ടിയത്‌. വോട്ടെടുപ്പ്‌ കേന്ദ്രമായ മമ്പറം പബ്ലിക്‌ സ്‌കൂളിന്‌ മുന്നിൽ രാവിലെ 10ന്‌ വോട്ടെടുപ്പ്‌ ആരംഭിച്ചതോടെയാണ്‌ പ്രവർത്തകർ ഏറ്റുമുട്ടിയത്‌. കെ സുധാകരന്റെ വിഭാഗം വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയതായും സംഘർഷമുണ്ടാക്കി തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമിക്കുന്നതായും മമ്പറം ദിവാകരൻ ആരോപിച്ചു.

നേരത്തെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിനിടെ സുധാകരനെ പിന്തുണയ്‌ക്കുന്നവർ മമ്പറം ദിവാകരനെ കൈയേറ്റം ചെയ്‌തിരുന്നു. മെമ്പര്‍മാരല്ലാത്തവര്‍ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനെത്തിയത് ചോദ്യം ചെയ്‌തപ്പോഴായിരുന്നു കൈയേറ്റം.

കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി അടുപ്പമുള്ള വി സി പ്രസാദ്, സന്ദീപ് കോടിയേരി, പവിത്രന്‍ കടവത്തൂര്‍, ബിജു ഇല്ലത്ത്താഴെ, സാജിദ് പെരിങ്ങാടി, ഫൈസല്‍ കടവത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് ആക്രമിച്ചതായി ആയിരുന്നു പരാതി. കസേര എടുത്ത് അടിക്കുകയും അസഭ്യം പറയുകയും ചെയ്‌തതായി മമ്പറം ദിവാകരന്‍ പറഞ്ഞു. സംഭവത്തിൽ തലശേരി പൊലീസ് കേസെടുത്തിരുന്നു.
 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe