യുഎസ് പ്രതിസന്ധി പിന്‍വലിച്ചതോടെ ചൈനയില്‍ സാമ്പത്തിക വളര്‍ച്ച കൂടുന്നു എന്ന വാര്‍ത്തകള്‍ ആണ് ഇന്നലെ ഓഹരി വിപണിയെ നേട്ടത്തിലേക്ക് നയിച്ചത്. ബാങ്കിങ്, ലോഹം, മേഖലകളാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ ഓഹരി വിപണി നേട്ടത്തില്‍ എത്തുകയായിരുന്നു വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 20,932.23 ല്‍ എത്തി. 2010 നവംബര്‍ ഒന്‍പതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇത്. വിദേശ നിക്ഷേപകര്‍ ഏറ്റവും ആത്മവിശ്വാസത്തോടെ വിപണിയെ സമീപിച്ച ദിവസമായിരുന്നു ഇന്നലെ. ആഭ്യന്തര വിപണിയില്‍ വിദേശ നിക്ഷേപകര്‍ 1.07 ലക്ഷം കോടി രൂപ ഓഹരി വിപണിയില്‍ ഒഴുക്കി.
ഏഷ്യന്‍ വിപണിയില്‍ ചൈനയുടെ ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്കില്‍ മൂന്നാം ക്വാര്‍ട്ടറില്‍ 7.8 ശതമാനം വളര്‍ച്ച ഉണ്ടെന്ന വാര്‍ത്തകള്‍ നേട്ടമുണ്ടാക്കാനിടയായി.
ആഭ്യന്തര വിപണിയില്‍ ബാങ്കിങ് ഓഹരികള്‍ 3.93 ശതമാനം നേട്ടമുണ്ടാക്കി. പ്രധാനമായും എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മെറ്റല്‍ സെക്റ്റര്‍ 3.32 ശതമാനം നേട്ടമുണ്ടാക്കി.
ഉത്സവ സീസണ് പ്രമാണിച്ച് ഓഹരി വിപണി 21,000 ഭേദിച്ച് പുതിയ റെക്കോഡില്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു നിക്ഷേപകര്‍. ഇന്നലത്തെ വ്യാപാരത്തിലൂടെ വിപണി അടുത്ത് തന്നെ പുതിയ ഉയരങ്ങള്‍ താണ്ടുമെന്ന് പ്രതീക്ഷിക്കാം. വ്യാപാരത്തിനിടെ 2008 ജനവരിയിലാണ് ആദ്യമായി സെന്‍സെക്സ് 21,000 കടന്നത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 21,078 എന്ന നിലയില്‍ എത്തിയെങ്കിലും 20,873 ലാണ് അന്ന് വ്യാപാരം അവസാനിപ്പിച്ചത്. പിന്നീട് 2010 നവംബര്‍ 5 ന് ആദ്യമായി 21,000ത്തിന് മുകളില്‍ ക്ലോസ് ചെയ്തു. 21.004.96 എന്ന നിലിയിലായിരുന്നു. പിന്നീട് കയറിയിറങ്ങി നീങ്ങുകയായിരുന്നു ഇന്ത്യന്‍ വിപണി. ഇന്നലെ വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ വിപണി 21,000 നോട് അടുത്തിരുന്നു.