ഓണത്തിനിടയില്‍ ‘പുട്ട്കച്ചവടം’ : ഗാണ്ഡീവന്‍

news image
Oct 1, 2013, 12:06 am IST payyolionline.in

ഓണത്തിന് പുലിക്കളി, വള്ളം കളി, ഓണതല്ല്  ഇതൊക്കെ മലയാളിക്ക് സുപരിചിതമാണ്. എല്ലാവരും ഒത്ത് കൂടുന്ന വിഭവസമൃദ്ധമായ  ഓണസദ്യയെപറ്റി പറയാനുമില്ല. ഏത് ഓണംകേറാമൂലയിലാണെങ്കിലും  മലയാളി ഉണ്ടെങ്കില്‍ അവിടെ ഓണമുണ്ടാകും. ഇങ്ങനെയുള്ള ഓണത്തിനിടയിലും  ‘പുട്ട് കച്ചവടം’ നടത്തുന്നവരുണ്ട്. സദ്യയുണ്ട്, പാല്‍പായസം കഴിച്ച് ഏമ്പക്കമിട്ട് നടക്കുന്നവരുടെ  മുന്നില്‍, ഉണക്കപുട്ടുമായി  വരുന്നവരോട് കളിയാക്കി  ചോദിക്കും. എന്താ  ഓണത്തിനാണോ പുട്ട് കച്ചവടം?  ഉലക്ക!

 ഏതാണ്ട് അതുപോലൊരു ‘ പുട്ട്കച്ചവടം’ ഈ ഓണകാലത്ത് നമ്മുടെ നാട്ടിലുണ്ടായി. ഇങ്ങനെയൊരു ‘സീന്‍’ ഉണ്ടാക്കിയത് നാടിനെ നയിക്കുന്നവര്‍തന്നെ. ജില്ലയിലെ സ്പെഷ്യല്‍ ഗ്രേഡ്  പഞ്ചായത്താണ് പയ്യോളി. വരുമാനമാര്‍ഗ്ഗങ്ങള്‍ക്ക് ഒരു  കുറവുമില്ല. പോരെങ്കില്‍ ഭരണാധികാരികളുടെയും  നേതാക്കളുടെയും നീണ്ടനിര. കൈയൊന്നു ഞൊടിച്ചാല്‍ ഏത് കാര്യവും നിഷ്പ്രയാസം നടത്താന്‍ കഴിയുമെന്ന് വെപ്പ്.

 എന്നിട്ടും എന്തേ പയ്യോളിയില്‍ ഓണത്തിന് പൊലിമ കുറഞ്ഞു. ആഘോഷരാവുകളുണ്ടായില്ല, സജീവമായ  മേളകളുണ്ടായില്ല. ഇതെല്ലാം  ഉള്ളിടത്താണ് സാധാരണ  പുട്ട്കച്ചവടക്കാര്‍  എത്തുക. എന്നാല്‍ ഒന്നുമില്ലാത്തിടത്തും ‘ പുട്ട്കച്ചവടം’  നടത്താന്‍  നമുക്ക് കഴിയും. ആ ധൈര്യത്തിന് നടത്തിപ്പുകാരെ അഭിനന്ദിക്കണം. എല്ലാ’പക്ഷ’വും കണ്ണടക്കുന്നതിനാല്‍  ധൈര്യത്തിന് കുറവ് ഉണ്ടാവില്ല.  നാട്ടുകാര്‍ പറയുന്ന  ‘കഥകെട്ട’  ധൈര്യവും  ചിലപ്പോള്‍ ഉണ്ടായേക്കാം.

 പറഞ്ഞ് വന്നത്  നമ്മുടെ നാട്ടില്‍ നടന്ന ഓണാഘോഷത്തെപറ്റിയാണ്.  സെപ്റ്റംബര്‍ 7 ന് അത്തം തുടങ്ങി. 11 ന് വൈകുന്നേരം ബസ്സ്റ്റാന്റില്‍ ആഘോഷ പരിപാടി ഉദ്ഘാടനം. ഒന്നാം ഓണത്തിന് മൂന്നു ദിവസം മുന്‍പ്! ഇതില്‍പരം ജനങ്ങള്‍ക്ക് എന്ത്‌ വേണം. എല്ലാം സുലഭം. ബസ്സ്റ്റാന്റ്  കവാടത്തിന്  സമീപം നിന്നും തിരിയാന്‍ ഇടമില്ലാത്തിടത്ത് കുടുംബശ്രീയുടെ ഓണചന്ത. ഇത്  ഗംഭീരമാക്കാന്‍  ചന്തയേക്കാള്‍  വലിയ  സ്റ്റേജ് മറ്റൊരു വശത്ത്. ‘പ്രസംഗ ബഹള’ങ്ങള്‍ക്കും മറ്റുമായി സ്റ്റേജിന്റെ ആവശ്യം രണ്ട് മണിക്കൂര്‍.  കത്രികയും നാടയുമുണ്ടെങ്കില്‍ കഴിയുന്ന  ഉദ്ഘാടനത്തിന് പഞ്ചായത്ത്‌ ഫണ്ടില്‍ നിന്നും എത്രതുക ചിലവായി ആവോ?

കുടുംബശ്രീയുടെ 15-ാമത് വാര്‍ഷികാഘോഷം കൂടിയാണ് ഇത്തവണ. പഞ്ചായത്തിലെ 23 വാര്‍ഡുകളിലായി 435  കുടുംബശ്രീ  യുണിറ്റുകള്‍ ഉണ്ട്. ഇത്തരം മേളകള്‍ നടത്തുന്നത് കുടുംബശ്രീ പ്രവര്‍ത്തകരുടെ പുരോഗതി ലക്ഷ്യമാക്കിയാണ്. എത്ര യുണിറ്റുകള്‍ മേളയില്‍ പങ്കെടുത്തു. ഇവയില്‍ നിന്നുമെല്ലാമായി എത്ര അംഗങ്ങള്‍ ഉല്‍പ്പന്നങ്ങളുമായി വന്നു. വല്ല  നിശ്ചയവുമുണ്ടോ? വേണ്ടത്ര മുന്നൊരുക്കമില്ലാത്തതിനാല്‍ സാധാരണ പോലെ അച്ചാറും അപ്പവും പുളിയും അവിലുമെല്ലാം മേളയില്‍ സ്ഥാനം പിടിച്ചു.

ഉദ്ഘാടന ഘോഷയാത്രക്ക് പതിവ് പോലെ നീളം കൂട്ടാനും നിറഞ്ഞസദസ്സിനും കുടുംബശ്രീക്കാരെ ഉപയോഗിച്ചു  എന്നു പറയുന്നതാവും ശരി. ഗതാഗത സ്തംഭനത്തിന് നേരിട്ട് ഉത്തരവാദികളാവില്ലല്ലോ. നിയമം പാലിക്കേണ്ടവര്‍ ബസ്സ്സ്റ്റാന്റില്‍  നിയമം ലംഘിക്കുമ്പോള്‍ ഇതൊക്കെ എത്ര നിസ്സാരം! കോഴിക്കോട് ഈയിടെ നടന്ന ജില്ലാ കുടുംബശ്രീ മേളയില്‍ ശ്രദ്ധനേടിയ  ഉല്‍പ്പന്നങ്ങളുമായി  ഇവിടുത്തെ കുടുംബശ്രീ യൂണിറ്റുകള്‍  അണിനിരന്നു എന്നത് ഈ വേളയില്‍ ഓര്‍ക്കേണ്ടതുണ്ട്. അപ്പോള്‍ കുറ്റം കുടുംബശ്രീയുടേതല്ല.

കുടുംബശ്രീയേക്കാള്‍ ഒരു പടിമുന്നിലാണെന്ന് വരുത്താന്‍ എപ്പോഴും പാട്പെടുന്ന  പയ്യോളിയിലെ ജനശ്രീ  സംഘങ്ങളെയും  ഓണക്കാലത്ത് കണ്ടില്ല.  ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് ഓണത്തിന്  ചിലവാകിലല്ലോ. ജനശ്രീയെ നയിക്കുന്ന  പുരുഷ നേതാക്കള്‍ ക്ഷമിക്കുക. സമീപ പ്രദേശങ്ങളിലെ ചെറിയ  പഞ്ചായത്തുകളില്‍  പോലും രാവുംപകലുമായി ദിവസങ്ങള്‍ നീണ്ടുനിന്ന  ഓണാഘോഷങ്ങള്‍ അരങ്ങേറിയത് കാണാനിടയായി. നമ്മെ നയിക്കുന്നവര്‍ നാട്ടിന്‍പുറത്തെ  കലാസംഘടനകളുടെ  പരിപാടികളില്‍  പങ്കാളിത്തം വഹിക്കാന്‍  അവരുടെ ഉമ്മറത്ത്  ഉണ്ടായിരുന്നു.

ഇവരൊക്കെ ഒന്ന് ചെറുതായി ശ്രദ്ധ വെച്ചിരുന്നെങ്കില്‍ എത്ര മനോഹരമായി നമ്മുടെ നാട്ടില്‍ ഓണാഘോഷം നടത്താമായിരുന്നു. ആരോരുമറിയാതെ, വാതിലടച്ച്‌ ഓണസദ്യ ഉണ്ണുന്നവര്‍ക്ക്  അതിനെപറ്റി  പറഞ്ഞ് കൊടുക്കേണ്ടതുണ്ടോ?  അതും ഒരു ഓണാഘോഷമല്ലേ!

പിന്‍കുറിപ്പ്: ബസ് സ്റ്റാന്റില്‍ ഓട്ടോറിക്ഷ കയറ്റാന്‍ വഴിയുണ്ടാക്കാം. ആ വഴി പിന്നീട്  തടസ്സപ്പെടുത്തി ഓണത്തിന് പന്തലും കെട്ടാം…

  ഗാണ്ഡീവന്‍

അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ….

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe