ഒളിംപിക്‌സിന് സമാപനം! ഇനി പാരീസില്‍; ഇന്ത്യ മടങ്ങുന്നത് എക്കാലത്തേയും മികച്ച നേട്ടവുമായി

news image
Aug 8, 2021, 8:41 pm IST

ടോക്യോ: മഹാമാരിക്കാലത്തെ ടോക്യോ ഒളിംപിക്‌സിന് സമാപനം. കെടുതിക്കാലത്തും ഒളിംപിക്‌സ് പൂര്‍ത്തിയാക്കാന്‍ സാധിച്ചതിലുള്ള സന്തോഷത്തിലാണ് കായിക താരങ്ങള്‍. മത്സരം കഴിഞ്ഞാന്‍ 48 മണിക്കൂറില്‍ ഗെയിംസ് വില്ലേജ് വിടണെന്നുള്ളതിനാല്‍ പരേഡില്‍ കുറച്ച് താരങ്ങല്‍ മാത്രമാണ് പങ്കെടുക്കുന്നത്. ഗുസ്തിയില്‍ ഇന്ത്യക്കായി വെങ്കലം നേടിയ ബജ്‌റംഗ് പൂനിയയാണ് ഇന്ത്യയുടെ പതാക വഹിക്കുന്നത്.

ഒളിംപിക് ചരിത്രത്തിലെ എക്കാലത്തേയും മികച്ച പ്രകടനം പുറത്തെടുത്താണ് ഇന്ത്യ മടങ്ങുന്നത്. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടില്‍. മൊത്തം ഏഴ് മെഡലുകള്‍. 48-ാം സ്ഥാനത്താണ് ഇന്ത്യ. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങലില്‍ ഇന്ത്യക്ക് ആദ്യ ഒളിംപിക് സ്വര്‍ണം നേടാനായെന്നുള്ളത് അഭിമാനകരമായി നേട്ടമായി. പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്.

41 വര്‍ഷങ്ങള്‍ക്ക് ശേഷം പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം നേടാനും സാധിച്ചു. മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് ഇന്ത്യയുടെ ഹീറോയായി. വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു, ഗുസ്തിയില്‍ രവികുമാര്‍ ദഹിയ എന്നിവരാണ് വെള്ളി നേട്ടക്കാര്‍. ഹോക്കി, ഗുസ്തി എന്നിവയ്ക്ക് പുറമെ വനിതകളുടെ ബാഡ്മിന്റണില്‍ പി വി സിന്ധു, വനിതാ ബോക്‌സിംഗില്‍ ലൊവ്‌ലിന ബോര്‍ഗോഹെയ്ന്‍ എന്നിവരാണ്  വെങ്കലം നേടിയവര്‍.

നീരജിന്റെ സ്വര്‍ണത്തോടെ 18 സ്ഥാനങ്ങളാണ് ഇന്ത്യ മെച്ചപ്പെടുത്തിയത്. ജൂലൈ 23നാണ് ഒളിംപ്കിസിന് തുടക്കമാകുന്നത്. 39 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവുമുള്‍പ്പെടെ 113 മെഡലുകളുമായി അമേരിക്ക ഒന്നാമതെത്തി. കടുത്ത വെല്ലുവിളി ഉയര്‍ത്തിയ ചൈനയാണ് രണ്ടാമത്. 88 മെഡലുകളാണ് ചൈനയുടെ അക്കൗണ്ടില്‍. ഇതില്‍  38 സ്വര്‍ണവും 32 വെള്ളിയും 18 വെങ്കലവും ഉള്‍പ്പെടും. 27 സ്വര്‍ണം നേടി ആതിഥേയരായ ജപ്പാന്‍ മൂന്നാമതെത്തി.  14 വെള്ളിയും 17 വെങ്കലവും അക്കൗണ്ടിലുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe