ഒരു ഓട്ടോ റിക്ഷയിൽ 16 പേർ; മലപ്പുറത്ത് ഡ്രൈവറെ വഴിയിൽ പിടികൂടി; പിഴ

news image
Aug 5, 2022, 7:50 pm IST payyolionline.in

മലപ്പുറം: വിദ്യാർത്ഥികളെ കുത്തിനിറച്ചുള്ള യാത്രക്കിടെ ഓട്ടോ റിക്ഷ ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പിടികൂടി. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനിടെ വേങ്ങര കുറ്റൂർ നോർത്തിലാണ് കുട്ടികളെ കുത്തിനിറച്ച ഓട്ടോ റിക്ഷ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത്. വഴിയിൽ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ ഡ്രൈവറടക്കം 16 പേരാണ് ഇതിനകത്തുണ്ടായിരുന്നത്.

ഇതിൽ തന്നെ 15 പേർ സ്‌കൂൾ കുട്ടികളായിരുന്നു. ഇത്രയും പേരെ കുത്തിനിറച്ച് സർവിസ് നടത്തിയ ഓട്ടോ റിക്ഷ തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനാണ് പിടികൂടിയത്. തിരൂരങ്ങാടി ജോ. ആർ ടി ഒ അബ്ദുൽ സുബൈർ എം പി യുടെ നിർദേശപ്രകാരം എം വി ഐ എം കെ പ്രമോദ് ശങ്കറാണ് ഓട്ടോ റിക്ഷ പിടികൂടിയത്.

പിടിച്ചെടുത്ത ഓട്ടോ റിക്ഷയുടെ രേഖകൾ പരിശോധിച്ചപ്പോൾ ഇതിന്‍റെ ടാക്‌സ് അടച്ചിട്ടില്ലാത്തതടക്കം ശ്രദ്ധയിൽപെട്ടു. ഇതോടെ 4000 രൂപ പിഴ ചുമത്തുകയും ചെയ്തു. എന്നാൽ ശിക്ഷാ നടപടി അവിടെ അവസാനിക്കില്ല. സുരക്ഷിതമല്ലാതെ വാഹനമോടിച്ചതിന് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം.

ഇക്കാര്യം ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകുകയും ചെയ്തു. സ്‌കൂളിലേക്ക് പോകുന്ന വിദ്യാർഥികളായിരുന്നു ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത് എന്നതിനാൽ ഇവരെ വഴിയിൽ ഇറക്കിവിട്ടില്ല. ഡ്രൈവിങ് ടെസ്റ്റ് കുറച്ച് സമയത്തേക്ക് നിർത്തിവെച്ച് കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള നടപടികൾ എം വി ഐ എം കെ പ്രമോദ് ശങ്കർ സ്വീകരിച്ചു. ഓട്ടോ റിക്ഷയിൽ ഉണ്ടായിരുന്ന മുഴുവൻ കുട്ടികളെയും മറ്റ് വാഹനങ്ങളിലൂടെ സുരക്ഷിതമായി സ്‌കൂളിലെത്തിച്ച ശേഷമാണ് ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe