ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കിഴൂര്‍ ശിവക്ഷേത്ര ആറാട്ട് മഹോത്സവത്തിന് 11നു കൊടിയേറും- വീഡിയോ

news image
Dec 5, 2023, 1:10 pm GMT+0000 payyolionline.in

പയ്യോളി: പഴയകുറമ്പ്രനാട് താലൂക്കിലെ പ്രസിദ്ധമായ കിഴൂര്‍ ശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്‍റെയും അതിനോടുനബന്ധിച്ച് നടക്കുന്ന കന്നുകാലി ചന്തയുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഉത്സവാഘോഷകമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 11ന് പകല്‍ 11 മണിക്ക് നടക്കുന്ന ദ്രവ്യകലശാഭിഷേകത്തിന് ശേഷം വൈകീട്ട് 7 മണിക്ക് തന്ത്രി തരണനല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് കര്‍മ്മം നടക്കുന്നതോടെ ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കമാവും.

 


ഉത്സവ ദിവസങ്ങളില്‍ എല്ലാദിവസവും കാലത്ത് പ്രഭാതഭക്ഷണവും ഉച്ചയ്ക്ക് പ്രസാദഊട്ടും ഉണ്ടായിരിക്കും. ദിവസവും 5,000ല്‍പ്പരം പേര്‍ക്ക് പ്രസാദഊട്ട് നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഉത്സവദിവസങ്ങളില്‍ വിവിധ കലാപരിപാടികള്‍ക്ക് പുറമെ മെഗാതിരുവാതിര, കേരളത്തിലെ പ്രമുഖ ചെണ്ടമേള വിദഗ്ദരുടെ നേതൃത്വത്തിലുള്ള വിശേഷാല്‍ തായമ്പക, ക്ഷേത്രകലകളായ ഓട്ടന്‍തുള്ളല്‍, പാഠകം, ചാക്യാര്‍കൂത്ത്, അക്ഷരശ്ലോകസദസ്സ്, ഭക്തിഗാനസുധ, പഞ്ചവാദ്യമേളം, നാദസ്വരമേളം, കേരളകലാമണ്ഡലത്തിന്‍റെ ശാസ്ത്രീയ നൃത്തപരിപാടി എന്നിവ ഉണ്ടായിരിക്കുന്നതാണ്. ചിറക്കന്‍ പത്മനാഭന്‍, പാറന്നൂര്‍ നന്ദനന്‍, കൊളക്കാടന്‍ ശിവപ്രസാദ് എന്നീ ഗജവീരന്മാര്‍ ആറാട്ട് എഴുന്നളിപ്പിന് അകമ്പടിസേവിക്കും. തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാറുടെ മേളപ്രമാണത്തില്‍ കലാമണ്ഡലം ശിവദാസ്, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍ എന്നീ വാദ്യകുലപതിമാര്‍ ഉത്സവാഘോഷത്തിന് മേളകൊഴുപ്പേകും.

ആറാട്ടുദിവസം രാത്രി കിഴൂര്‍ ചൊവ്വവയലില്‍ കരിമരുന്ന് പ്രയോഗം, പൂവെടിത്തറയ്ക്ക് സമീപം പൂവെടി എന്നിവ പതിവുപോലെ ഉണ്ടായിരിക്കുന്നതാണ്. പ്രസാദ ഊട്ടിന് ക്ഷേത്രമഹിളാക്ഷേമസമിതിയുടെ നേതൃത്വത്തില്‍ 250 ഓളം വളണ്ടിയര്‍മാര്‍ സേവനം അനുഷ്ഠിക്കും. കിഴൂര്‍ ചെട്ടിത്തറ മുതല്‍ ക്ഷേത്രം വരെ പ്രത്യേക ദീപാലങ്കാരം ഒരുക്കിയിട്ടുണ്ട്. ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാനപാലനത്തിനും പയ്യോളി പോലീസിന്‍റെ നേതൃത്വത്തില്‍ പ്രത്യേകസംഘങ്ങളെ നിയോഗിക്കും. അഗ്നിശമനസേനയുടെയും ആമ്പുലന്‍സിന്‍റെയും സേവനം 24 മണിക്കൂറും സജ്ജമാണ്.
കെ.പ്രകാശന്‍ ചെയര്‍മാന്‍, കെ.പി.രമേശന്‍, രവീന്ദ്രന്‍ കുറുമണ്ണില്‍, ബിന്ദു പണിക്കുളങ്ങര വൈസ് ചെയര്‍മാന്‍മാര്‍, കെ.വി കരുണാകരന്‍ നായര്‍ ജനറല്‍ കണ്‍വീനര്‍, പ്രഭാകരന്‍ പ്രശാന്തി, ശ്രീശന്‍രാജ്, ചാമ്പാട്ടില്‍ ശൈെലജ നമ്പ്യാര്‍ ജോ.കണ്‍വീനര്‍മാര്‍ എന്നിവര്‍ ഭാരവാഹികളായ ഉത്സവാഘോഷകമ്മിറ്റിയും ആര്‍.രമേശന്‍ ചെയര്‍മാനായുള്ള ട്രസ്റ്റി ബോര്‍ഡും ക്ഷേത്രപരിപാലനസമിതിയും മഹിളാക്ഷേമസമിതിയും ഉത്സവാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.

പത്രസമ്മേളനത്തില്‍ കിഴൂര്‍ ദേവസ്വം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ആര്‍.രമേശന്‍, പാരമ്പര്യ ട്രസ്റ്റി ഫിറ്റ് പേഴ്സണ്‍ കെ.സദാനന്ദന്‍ അടിയോടി, അംഗങ്ങളായ കൈപ്പുറത്ത്താഴ രാമകൃഷ്ണന്‍, കുന്നുംപുറത്ത് ഗോപാലകൃഷ്ണന്‍, കപ്പന വേണുഗോപാലന്‍, ഉത്സവാഘോഷകമ്മിറ്റി ചെയര്‍മാന്‍, കെ.പ്രകാശന്‍, ജനറല്‍ കണ്‍വീനര്‍ കെ.വി.കരുണാകരന്‍ നായര്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ സുഭാഷ് കോമത്ത്, കണ്‍വീനര്‍ കണ്ടിയില്‍ സുനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe