ഒഡീഷ വനിതാ ക്രിക്കറ്റ് താരം വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

news image
Jan 13, 2023, 2:13 pm GMT+0000 payyolionline.in

ഭുബനേശ്വര്‍:  ഒഡീഷ വനിതാ ക്രിക്കറ്റ് താരം രാജശ്രീ സ്വയിനിനെ(22) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ രണ്ടു ദിവസമായി കാണാതായിരുന്ന രാജശ്രീയെ കട്ടക്ക് ജില്ലിയിലെ ഗുരുദിജഹാതിയയിലെ വനത്തിനുള്ളില്‍ മരത്തിലാണ് ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വനത്തിന് സമീപത്തു നിന്ന് രാജശ്രീയുടെ സ്കൂട്ടറും ഹെല്‍മെറ്റും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പുതുച്ചേരിയില്‍ നടക്കുന്ന ദേശീയ ചാംപ്യന്‍ഷിപ്പിന് മുന്നോടിയായി ഒഡീഷ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച വനിതാ താരങ്ങളുടെ സംസ്ഥാന തല സീനിയര്‍ സെലക്ഷന്‍ ക്യാംപില്‍ പങ്കെടുത്ത രാജശ്രീയ രണ്ട് ദിവസമായി കാണാത്തതതിനെത്തുടര്‍ന്ന് അസോസിയേഷന്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. രാജശ്രീയുടെ മൊബൈല്‍ ടവര്‍  ലൊക്കേഷന്‍ പരിശോധിച്ച പൊലീസ് അതാഗഡ് ഫോറസ്റ്റ് ഡിവിഷനിലെ വനത്തിന് സീമപമാണ് അവസാനം മൊബൈല്‍ ഓണായതെന്ന് കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വനത്തിനുള്ളില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ രാജശ്രീയുടെ മൃതദേഹം കണ്ടെത്തിയത്.  ഒഡീഷ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച 25 അംഗങ്ങള്‍ പങ്കെടുത്ത സംസ്ഥാന സീനിയര്‍ സെലക്ഷന്‍ ക്യാംപ് ജനുവരി രണ്ടിനാണ് തുടങ്ങിയത്. 10ന് ക്യാംപില്‍ പങ്കെടുത്തവരില്‍ നിന്ന് ടീം പ്രഖ്യാപിക്കുകയും ചെയ്തു. പത്ത് ദിവസം നീണ്ട ക്യാംപിനൊടുവില്‍ നടന്ന സെലക്ഷനില്‍ ഓള്‍ റൗണ്ടറായ രാജശ്രീക്ക് ടീമിലെത്താനായില്ല. തുടര്‍ന്ന് പുരിയിലുള്ള പിതാവിനെ കണാന്‍ പോകുകയാണെന്ന് കോച്ച് പുഷ്പാഞ്ജലി ബാനര്‍ജിയെ അറിയിച്ച് ഹോട്ടല്‍ വിട്ട രാജശ്രീയെ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് കോച്ച് തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

സെലക്ഷന്‍ ക്യാംപില്‍  മികച്ച പ്രകടനം പുറത്തെടുത്തിട്ടും ടീമില്‍ ഇടം ലഭിക്കാതിരുന്നതില്‍ രാജശ്രീ കടുത്ത മനോവിഷമത്തിലായിരുന്നു എന്നും സഹോദരിയെ ഫോണില്‍ വിളിച്ച് വിഷമങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും നിബിഢ വനത്തില്‍ രാജശ്രീ എങ്ങനെയാണ് എത്തിയത് എന്ന് അന്വേഷിക്കണമെനന്നും പിതാവ് ഗുണാനിഥി പറഞ്ഞു. രാജശ്രീയുടെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe