ഐസ് ഐ ചമഞ്ഞ് നടന്നത് നിരവധി കേസുകളിലെ പ്രതി, ഒടുവിൽ വ്യാജൻ പിടിയിൽ

news image
Sep 23, 2022, 6:55 am GMT+0000 payyolionline.in

മലപ്പുറം: കുറ്റിപ്പുറത്ത് വാടക ക്വാർട്ടേഴ്സുകളിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെ വ്യാജ എസ് ഐ പിടിയിലായി. നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായ വ്യാജ എസ് ഐ. വേങ്ങര വലിയോറ പറങ്ങോടത്ത് സൈതലവിയെയാണ് (44) കുറ്റിപ്പുറം പൊലീസ് അറസ്റ്റു ചെയ്തത്. ആതവനാട് സ്വദേശിയായ യുവതിയെ മൂന്ന് മാസം മുൻപ് ക്രൈംബ്രാഞ്ച് എസ് ഐ ആണെന്ന് പറഞ്ഞ് സൈതലവി വിവാഹം കഴിച്ചിരുന്നു. ഇവരുമൊത്ത് ഒരു മാസത്തിലധികമായി ചെമ്പിക്കലിൽ ഉള്ള ഒരു വാടക ക്വാർട്ടേഴ്സിലാണ് സൈതലവി താമസിച്ചിരുന്നത്. ഇതിനിടെയാണ് മയക്കുമരുന്ന് വിൽപ്പന സംഘങ്ങളേയും അനധികൃത താമസക്കാരേയും കണ്ടെത്തുന്നതിനായി കുറ്റിപ്പുറം പൊലീസിന്റെ പരിശോധന വാടക ക്വാർട്ടേഴ്സുകളിൽ നടക്കുന്നത്.

 

സൈതലവിയുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ നിരവധി എടിഎം കാർഡുകളും സിം കാർഡുകളും കണ്ടെടുത്തു. കുറ്റിപ്പുറം പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2017 ൽ നടന്ന ഒരു ബലാൽസംഗ കേസിലും തട്ടിപ്പു കേസിലും ഇയാൾക്ക് വാറണ്ട് നിലനിൽക്കുന്നുണ്ടെന്ന് അറിയുന്നത്. സമാനമായ മറ്റൊരു കേസ് നിലമ്പൂർ സ്റ്റേഷനിലും ഉണ്ട്. മറ്റു സ്റ്റേഷനുകളിലുള്ള കേസുകളെക്കുറിച്ച് വിവരം ശേഖരിച്ചു വരികയാണ്.

ഇയാളുടെ അറസ്റ്റ് വിവരം അറിഞ്ഞ് ഇടുക്കി, കോട്ടയം ഭാഗങ്ങളിൽ നിന്ന് സമാന രീതിയിൽ തട്ടിപ്പിനിരയായ സ്ത്രീകൾ കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുന്നുണ്ട്. ഇയാൾക്ക് നാട്ടിൽ ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. മഞ്ചേരി സെഷൻസ് കോടതി പ്രതിയെ റിമാന്റ് ചെയ്തു. സൈതലവി താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ അയാൾ ശരിയായ വിവരങ്ങൾ ഒന്നും നൽകിയിരുന്നില്ല. ശരിയായ വിവരങ്ങൾ നൽകാത്തവർക്ക് ക്വാർട്ടേഴ്സ് വാടകക്ക് നൽകുന്ന ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പരിശോധന കർശനമാക്കുമെന്നും സി ഐ അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe