‘എനിക്കത് തുറന്നുപറയാൻ 40 വർഷം വേണ്ടിവന്നു’; സ്വകാര്യജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തി സ്മൃതി ഇറാനി

news image
Mar 30, 2023, 12:20 pm GMT+0000 payyolionline.in

ദില്ലി:  മാതാപിതാക്കൾ വേർപിരിഞ്ഞു കഴിഞ്ഞിരുന്നതായി തുറന്നുപറയാൻ തനിക്ക് 40 വർഷം വേണ്ടിവന്നെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സ്മൃതി ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും പൊതുജീവിതത്തെക്കുറിച്ചും  സ്മൃതി അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു.

 

മാതാപിതാക്കളെക്കുറിച്ചും തന്റെ ബാല്യകാലത്തെക്കുറിച്ചുമൊക്കെ സ്മൃതി ഇറാനി അഭിമുഖത്തിൽ വാചാലയായി. പിതാവ് പഞ്ചാബിയായിരുന്നു, മാതാവ് ബം​ഗാളിയും. വിവാഹം കഴിയുന്ന സമയത്ത് അവരുടെ പക്കൽ 150 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു കാലിത്തൊഴുത്തിന് മുകളിലത്തെ നിലയിലുള്ള മുറിയിലാണ് അവർ കഴിഞ്ഞിരുന്നത്. പിന്നീട് അവർ വിവാഹബന്ധം വേർപെടുത്തിയിരുന്നതായി തുറന്നുപറയാൻ എനിക്ക് 40 വർഷം വേണ്ടിവന്നു. ആ ദിവസങ്ങളിൽ ഞങ്ങളുടെ ജീവിതം ദുരിതപൂർണമായിരുന്നു. എന്നാൽ ഇപ്പോഴെനിക്ക് അറിയാം ‍100 രൂപ മാത്രം കൈവശം വച്ച് ‍ഞങ്ങൾ മക്കളെയൊക്കെ വളർത്തിവലുതാക്കാൻ അവരെത്രത്തോളം പ്രയാസപ്പെട്ടിട്ടുണ്ടെന്ന്. ആർമി ക്ലബ്ബിന് പുറത്തൊരിടത്ത് ബുക്കുകൾ വിൽക്കുന്ന ജോലിയായിരുന്നു പിതാവിന്. അമ്മ വീടുകൾ തോറും നടന്ന് സു​ഗന്ധദ്രവ്യങ്ങൾ വിൽപന നടത്തി. പിതാവിന് വലിയ വിദ്യാഭ്യാസമുണ്ടായിരുന്നില്ല, എന്നാൽ അമ്മ ബിരുദധാരിയായിരുന്നു. അതൊക്കെ അവർക്കിടയിലെ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ടാകാം. സ്മൃതി ഇറാനി പറഞ്ഞു.

വളരെ കുറച്ച് ദമ്പതികൾ മാത്രമാണ് സാമൂഹിക അവസ്ഥകളെയും സാമ്പത്തിക പ്രതിസന്ധികളെയും അതിജീവിച്ച് അന്ന് മുന്നോട്ട് പോയിരുന്നത്. അടുത്തത് ഒരാൺകുട്ടിയായിരിക്കണമെന്ന് പിതാവ് അമ്മയോട് പറഞ്ഞിരുന്നു. എന്നാൽ, തനിക്ക് ഈ പെൺകുട്ടികൾ തന്നെ ധാരാളമാണെന്ന് പറഞ്ഞ് അമ്മ ആ ബന്ധത്തിൽ നിന്നിറങ്ങിപ്പോരുകയായിരുന്നു എന്നും സ്മൃതി ഇറാനി പറഞ്ഞു.

 

അതേസമയം, സ്മൃതി ഇറാനിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് ബി വി ശ്രീനിവാസിന്‍റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി രം​ഗത്തെത്തിയത് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു.  സംസ്കാരമില്ലാത്ത വായില്‍ നിന്നാണ് രാഷ്ട്രീയ വാഗ്വാദത്തിന് വേണ്ടിയാണെങ്കില്‍ പോലും ഇത്തരം പരാമര്‍ശങ്ങള്‍ വരികയെന്നും വിശദമാക്കിക്കൊണ്ടാണ് ബി വി ശ്രീനിവാസിന്‍റെ വിവാദ പരാമര്‍ശ വീഡിയോ അനില്‍ പങ്കുവച്ചത്. നാണം കെട്ടവര്‍ എന്നും കുറിപ്പില്‍ അനില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് പിന്നാലെ വിഷയം സംബന്ധിയായ ചാനല്‍ ചര്‍ച്ചയില്‍ സ്മൃതി ഇറാനിയെ പിന്തുണച്ചും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചും അനില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe