എകെജി സെന്‍റർ ആക്രമണ കേസ്; നാലാം പ്രതി നവ്യ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായി

news image
Nov 24, 2022, 8:26 am GMT+0000 payyolionline.in

തിരുവനന്തപുരം:  എകെജി സെന്‍റർ ആക്രമണ കേസിലെ നാലാം പ്രതി നവ്യ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായി. കോടതി മുൻകൂർ ജാമ്യം നവ്യക്ക് നൽകിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന നിർദ്ദേശ പ്രകാരമാണ് നവ്യ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്. എകെജി സെന്‍റർ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ജിതിൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ആറ്റിപ്രയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തക നവ്യ ടി എന്നിവരാണ് കേസിലെ പ്രതി പട്ടികയിലുള്ളത്. ക്രൈംബ്രാഞ്ച് ഗൂഢാലോചന കുറ്റം ചുമത്തിയാണ് സുഹൈലിനെയും നവ്യയെയും പ്രതിപ്പട്ടികയില്‍ ചേർത്തിരിക്കുന്നത്. സുഹൈൽ വിദേശത്താണെന്നാണ് വിവരം.

 

എകെജി സെന്‍റര്‍ ആക്രണത്തിനായി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ജിതിൻ ഉപയോഗിച്ചിരുന്ന ഡിയോ സ്കൂട്ടർ സുഹൈൽ ഷാജഹാന്‍റെ ഡ്രൈവറുടെയാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. സ്കൂട്ടർ ഉടമ സുധീഷ് വിദേശത്തേക്ക് പോയതായും പൊലീസ് കണ്ടെത്തിയിരുന്നു. ഈ സ്കൂട്ടർ ക്രൈംബ്രാഞ്ച് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവ ദിവസം രാത്രി പത്തരയോടെ, ഗൗരിശപട്ടത്തെത്തിച്ച് ആറ്റിപ്ര സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായി നവ്യ ജിതിന് സ്കൂട്ടർ കൈമാറിയെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.

സുഹൃത്തായ നവ്യ എത്തിച്ച സ്കൂട്ടറോടിച്ച് എകെജി സെന്‍ററില്‍ സ്ഫോടക വസ്തു എറിഞ്ഞ ശേഷം ജിതിന് ഗൗരിശപട്ടത്ത് മടങ്ങിയെത്തി. തുടര്‍ന്ന് നവ്യക്ക് സ്കൂട്ടർ കൈമാറിയ ശേഷം സ്വന്തം കാറില്‍ ജിതിൻ പിന്നീട് യാത്ര ചെയ്തതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. രാത്രിയിൽ ജിതിന്‍റെ പേരിലുള്ള കാറും പിന്നാലെ ഡിയോ സ്കൂട്ടറും പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കേസന്വേഷണത്തില്‍ പ്രധാന തുമ്പായിരുന്നു. ചോദ്യം ചെയ്യലിൽ ജിതിന് സ്കൂട്ടറെത്തിച്ച കാര്യം നവ്യ സമ്മതിക്കുകയും ചെയ്തിരുന്നു. ജിതിനെ കസ്റ്റഡിലെടുത്തിന് പിന്നാലെ സുഹൈൽ ഷാജഹാനും നവ്യയും ഒളിവിൽ പോയിരുന്നു. സംഭവ സമയം ജിതിൻ ധരിച്ചിരുന്ന ഷൂസ് അന്വേഷണ സംഘം  കണ്ടെത്തിയപ്പോള്‍ ടീ ഷർട്ട് ജിതിൻ നശിപ്പിച്ചുവെന്നായിരുന്നു പൊലീസ് പറഞ്ഞത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe