ഊണ് എത്തിക്കാൻ 
കുടുംബശ്രീ ‘ലഞ്ച്‌ ബെൽ’ ; ‘പോക്കറ്റ്‌ മാർട്ട്‌’ ആപ്‌ തയ്യാർ

news image
Feb 26, 2024, 1:48 am GMT+0000 payyolionline.in

കണ്ണൂർ  : രുചികരമായ ഊണ് തേടി അലയേണ്ട. ഒറ്റ ക്ലിക്കിൽ ഊണ് പാഴ്‌സലായി മുന്നിലെത്തും. കുടുംബശ്രീയുടെ ‘ലഞ്ച്‌ ബെൽ’ പദ്ധതിവഴിയാണിത്‌. ഇതിനായി ‘പോക്കറ്റ്‌ മാർട്ട്‌’ എന്ന ആപ്‌ ഡൗൺലോഡ്‌ ചെയ്‌താൽ മതി. ആദ്യം തിരുവനന്തപുരത്താണ്‌ പദ്ധതി നടപ്പാക്കുന്നത്‌. മാർച്ച്‌ അഞ്ചിന്‌ ചൈത്രത്തിൽ മന്ത്രി എം ബി രാജേഷ്‌ ‘ലഞ്ച്‌ ബെൽ’ ഉദ്‌ഘാടനംചെയ്യും.

ഊണ് ഒരുക്കുന്നതിനായി ശ്രീകാര്യത്ത്‌ ക്ലൗഡ്‌ കിച്ചൺ സംവിധാനം ഒരുക്കിയിട്ടുണ്ട്‌. ആദ്യദിനം മുതൽ അഞ്ഞൂറുപേർക്കുള്ള ഊണാണ്‌ തയ്യാറാക്കുന്നത്‌. ആദ്യഘട്ടത്തിൽ ഓഫീസുകളിലുള്ളവർക്കും വിവിധ സ്ഥാപനങ്ങളിലുള്ളവർക്കും ‘പോക്കറ്റ്‌ മാർട്ട്‌’ ആപ്‌ വഴി ഊണ് ബുക്കുചെയ്യാം.   സ്‌റ്റീൽ ലഞ്ച്‌ ബോക്‌സിലാക്കി ഊണ് എത്തിക്കുന്നതിന്‌ എട്ട്‌ വനിതകൾ തയ്യാറാണ്‌. ഇവർ ഇരുചക്രവാഹനങ്ങളിൽ പകൽ 12ന്‌ ഓഫീസിൽ ഊൺ എത്തിക്കുകയും രണ്ടോടെ പാത്രങ്ങൾ തിരികെവാങ്ങുകയും ചെയ്യും.

തലേദിവസം രാത്രിവരെയാണ്‌ ഓർഡർ സ്വീകരിക്കുക. സ്ഥിരമായി ഭക്ഷണം പാഴ്‌സൽ വാങ്ങുന്നവർക്ക്‌ ലഞ്ച്‌ ബോക്‌സ്‌ നൽകുകയോ ഒരേ ലഞ്ച്‌ ബോക്‌സുതന്നെ വേണമെന്ന്‌ നിഷ്‌കർഷിക്കുകയോ ചെയ്യാമെന്ന്‌ കുടുംബശ്രീ മിഷൻ മാർക്കറ്റിങ് സ്‌റ്റേറ്റ്‌ പ്രോഗ്രാം ഓഫീസർ എ എസ്‌ ശ്രീകാന്ത്‌ പറഞ്ഞു.  ഊണിന്‌ 60 രൂപയാണ്‌. മീൻകറിയോ മീൻഫ്രൈയോകൂടി വേണമെങ്കിൽ 90 രൂപയാകും. ഊണിനൊപ്പം പഴങ്ങളും കഷണങ്ങളാക്കി ആവശ്യമുള്ളവർക്ക്‌ എത്തിച്ചുനൽകും. ‘ലഞ്ച്‌ ബെൽ’ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാൻ ആലോചനയുണ്ട്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe