ഇരുതലമൂരിയെ വിൽക്കാൻ ശ്രമിച്ച കേസ്: ഒരാൾകൂടി പിടിയിൽ

news image
Aug 6, 2022, 9:06 pm IST payyolionline.in

കാളികാവ്: അഞ്ചുകോടി വരെ വില പറഞ്ഞ് ഇരുതലമൂരിയെ വിൽക്കാൻ ശ്രമിച്ച കേസിൽ രണ്ടാമത്തെ പ്രതിയും പിടിയിൽ. മൂന്നരകിലോയോളം തൂക്കമുള്ള ഇരുതലമൂരി വിൽക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലം സ്വദേശിയും പെരിന്തൽമണ്ണയിൽ ആക്രി കട നടത്തുന്നയാളുമായ അൻസാർ റഹീമാണ്​ (37) ശനിയാഴ്ച രാവിലെ വനപാലകരുടെ പിടിയിലായത്.

പാണ്ടിക്കാട് വേങ്ങൂർ പുല്ലൂർശങ്ങാട്ടിൽ മുഹമ്മദ് ആഷിക്കിനെ (30) മേലാറ്റൂർ പൊലീസ് വെള്ളിയാഴ്ച പിടികൂടിയിരുന്നു. ഇയാളെ കരുവാരകുണ്ട് ഫോറസ്റ്റ് അധികൃതർക്ക് കൈമാറിയിരുന്നു. രണ്ടാം പ്രതിയെ വനപാലകർ പാണ്ടിക്കാട് വേങ്ങൂരിൽ വെച്ചാണ്​ പിടികൂടിയത്​.

ഇരുതലമൂരി പാമ്പിനെ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സംസ്ഥാനത്തിനകത്തും നിന്നും പുറത്തുനിന്നും ആളുകൾ ഇവരെ സമീപിക്കുന്നതായും അഞ്ചുകോടി വരെ വില പറഞ്ഞ് കച്ചവടത്തിന് ശ്രമം നടക്കുന്നതായും സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

ഇത്തരത്തിൽ കോടികൾ തട്ടുന്ന സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് സൂചന ലഭിച്ചതായും അവരുടെ വിവരങ്ങൾ ശേഖരിച്ചുവരുകയാണെന്നും കാളികാവ് ഫോറസ്റ്റ് റേഞ്ചർ പി. വിനു പറഞ്ഞു. ഫോറസ്റ്റ് റേഞ്ചർ പി. വിനു, എസ്.എഫ്.ഒമാരായ ലാൽ വി. നാഥ്, എം. വൽസൻ, എച്ച്. നൗഷാദ്, ബീറ്റ് ഓഫിസർമാരായ വി. ജിബീഷ്, വി.എ. വിനോദ് തുടങ്ങിയ വനപാലകരാണ് പ്രതിയെ പിടികൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe