ഇന്ന് രാത്രി എട്ട് ജില്ലകളിൽ മഴ സാധ്യത; മൺസൂൺ പാത്തി തെക്കോട്ടു മാറി, നാളെമുതൽ വ്യാപക മഴയ്ക്ക് സാധ്യത

news image
Aug 6, 2022, 8:34 pm IST payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി എട്ട് ജില്ലകളിൽ കൂടുതൽ മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. രാത്രി പത്ത് മണിവരെയുള്ള സമയത്ത് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാകും കൂടുതൽ മഴ സാധ്യത. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുള്ളപ്പോൾ മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം നാളെമുതൽ മഴ വീണ്ടും ശക്തമായേക്കാനാണ് സാധ്യത. നാളെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെട്ടേക്കും. മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. ഇതിന്‍റെ സ്വാധീനത്താൽ കേരളത്തിൽ ആഗസ്റ്റ്  9 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. ഇത് പ്രകാരം സംസ്ഥാനത്ത് നാളെ ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

അടുത്ത ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു
06-08-2022: ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
07-08-2022:  കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട് ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
08-08-2022:  കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട് ,മലപ്പുറം, കോഴിക്കോട്
09-08-2022: കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
10-08-2022: തൃശൂർ, പാലക്കാട് ,മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത നിലനിൽക്കുന്നതിനാൽ മലയോര മേഖലയിൽ ജാഗ്രത തുടരണം. വനത്തിലും മലയോരങ്ങളിലും മഴ തുടരുന്നതിനാലും അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാലും നദികളിലെ ഒഴുക്ക് ശക്തമായിരിക്കും. ആയതിനാൽ യാതൊരു കാരണവശാലും ആരും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe