ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലായി ആകാശത്ത് കണ്ടത് ഉല്‍ക്കാവര്‍ഷമല്ല, ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടം

news image
Jul 31, 2022, 12:19 pm IST payyolionline.in

ന്യൂഡല്‍ഹി: ഉല്‍ക്ക പതനത്തിന്റേതെന്ന് പറയപ്പെടുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ആകാശത്ത് ചുവപ്പും നീലയും മഞ്ഞയും നിറത്തിലുള്ള തിളങ്ങുന്നതും ചലിക്കുന്നതുമായ പ്രകാശത്തിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. ഏഷ്യയുടെ തെക്ക് കിഴക്കന്‍ ആകാശത്ത് രാത്രിയിലാണ് ഈ ദൃശ്യം പ്രത്യക്ഷമായത്. ഉല്‍ക്കാവര്‍ഷം എന്ന പേരിലാണ് വീഡിയോ വൈറലായതെങ്കിലും യഥാര്‍ഥത്തില്‍ അത് ഉല്‍ക്കകള്‍ അല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

യഥാര്‍ഥത്തില്‍ ഭൂപരിധിയിലേക്ക് പ്രവേശിച്ച ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങളാണ് ദൃശ്യങ്ങളിലുള്ളത് എന്നാണ് സ്ഥിരീകരണം. ചൈനയുടെ ലോങ് മാര്‍ച്ച് 5ബി റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലാണുള്ളതെന്ന് യുഎസ് സ്‌പേസ് കമാന്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലായാണ് ഇവ ഇപ്പോള്‍ ഉള്ളത്. എപ്പോള്‍ വേണമെങ്കിലും താഴേക്ക് പതിക്കാമെന്ന നിലയിലുള്ള ഈ റോക്കറ്റ് അവശിഷ്ടങ്ങളുടെ കത്തിക്കൊണ്ടിരിക്കുന്ന ഭാഗമാണ് ഉല്‍ക്കാവര്‍ഷമായി സോഷ്യല്‍ മീഡിയയില്‍ പലരും തെറ്റിദ്ധരിച്ചിരിച്ചിരിക്കുന്നത്. ഈ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ എവിടെ പതിക്കുമെന്നത് സ്‌പേസ് കമാന്‍ഡ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

21 ടണ്‍ ഭാരമുള്ള ചൈനയുടെ ലോങ് മാര്‍ച്ച് 5ബി റോക്കറ്റ് നിയന്ത്രണം വിട്ടാണ് ഭൂപരിധിയിലേക്ക് പ്രവേശിച്ചത്. ജൂലായ് 24 നാണ് ചൈന ലോങ് മാര്‍ച്ച് 5ബി റോക്കറ്റ് വിക്ഷേപിച്ചത്. ജൂലായ് 31 ഓടുകൂടി ഇത് ഭൂമിയില്‍ പതിക്കുമെന്നാണ് കാലിഫോര്‍ണിയയിലെ എയറോ സ്പേസ് കോര്‍പ്പ് എന്ന സ്ഥാപനം പറയുന്നത്.

ആഫ്രിക്ക, ഓസ്ട്രേലിയ, ബ്രസീല്‍, ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ എവിടെയെങ്കിലും റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ പതിക്കുമെന്നായിരുന്നു പ്രവചനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe