ഇടുക്കി തൊടുപുഴയില്‍ 14 ല്‍ 8 ഡയാലിസിസ് യൂണിറ്റുകളും തകരാരില്‍, പരിഹരിക്കാതെ അധികൃതര്‍; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി രോ​ഗികൾ

news image
Oct 4, 2023, 6:35 am GMT+0000 payyolionline.in

ഇടുക്കി:തൊടുപുഴയിലുള്ള ഇടുക്കി ജില്ലാ ആശുപത്രിയില്‍ ഉപകരണങ്ങള്‍ നന്നാക്കാത്തതിനാല്‍ മുഴുവന്‍ രോഗികള്‍ക്കും ഡയാലിസിസിസ്‍ ചെയ്യാന്‍ സൗകര്യമില്ലെന്ന് പരാതി. പരിശോധിക്കാന്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നും തകരാറിലായ ഡയാലിസിസ് നന്നാക്കണമെന്നുമാവശ്യപ്പെട്ട് രോഗികളുടെ കൂട്ടായ്മ ആരോഗ്യമന്ത്രിയെ സമീപിച്ചു. കേടായ യൂണിറ്റ് ഉടന്‍ നന്നാക്കുമെന്നാണ് ആശുപത്രിയുടെ വിശദീകരണം.

 

മുപ്പത്തിനാല് വൃക്ക രോഗികളാണ് ജില്ലാ ആശുപത്രിയെ ഇപ്പോള്‍ ആശ്രയിക്കുന്നത്. മിക്കവര്‍ക്കും ഓരോ തവണയും കുറഞ്ഞത് നാല് മണിക്കൂറെങ്കിലും വീതം ആഴ്ച്ചയില്‍ രണ്ടിലധികം ഡയാലിസിസ്‍ വേണം. മൊത്തം പതിനാല് യൂണിറ്റുകളാണ് ആശുപത്രിയിലുള്ളത്. ഇതില്‍ ഇപ്പോള്‍ പ്രവർത്തിക്കുന്നത് 6 എണ്ണം മാത്രമാണ്. യൂണിറ്റ് കുറ‍ഞ്ഞതോടെ സമയം രണ്ടര മണിക്കൂറാക്കി. സമയം കുറച്ചത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു എന്നാണ് രോ​ഗികളുടെ പരാതി. 34 പേരെ കൂടാതെ 60 ഓളം രോഗികളാണ് സൗകര്യത്തിനായി കാത്തിരിക്കുകയാണ്. യൂണിറ്റ് കേടായതിനാല്‍ ഇവരെ പട്ടികയിലുള്‍പ്പെടുത്താനാവുന്നില്ല. ഇതോടെ കടുത്ത പ്രതിക്ഷേധത്തിലാണ് രോഗികളും ബന്ധുക്കളും.

 

 

വൃക്കരോഗ വിദഗ്ധനില്ലാത്തതിനാല്‍ ഡയാലിസിസ് ചെയ്യുന്ന രോഗികളെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സക്കായി പറഞ്ഞുവിടുന്നത്. ഇത് ദരിദ്രരായ രോഗികൾക്ക് വലിയ ബാധ്യതയുണ്ടാക്കുന്നു. ഇതിനൊക്കെ പരിഹാരമായി വൃക്കരോഗ വിദഗ്ധനെ നിയമിക്കണമെന്ന് ആരോഗ്യമന്ത്രിയോട് രോഗികളുടെ കൂട്ടായ്മ ആവശ്യപ്പെട്ടിട്ടുണ്ട്. ഡയാലിസിസ് യൂണിറ്റിന്‍റെ തകരാര്‍ ഉടന്‍ പരിഹരിക്കുമെന്നാണ് ആശുപത്രിയുടെ വിശദീകരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe