ആറ്റുകാൽ പൊങ്കാല: ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാൻ ആക്ഷൻ പ്ലാൻ

news image
Feb 22, 2024, 10:49 am GMT+0000 payyolionline.in

തിരുവനന്തപുരം> ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് ജില്ലാതല ആക്ഷൻ പ്ലാൻ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികൾ, പ്രായമായവർ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകൾ പൊങ്കാലയ്‌ക്കെത്തുന്നതിനാൽ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. പൊങ്കാലയുടെ തലേ ദിവസം മുതൽ പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങൾ മടങ്ങിപ്പോകുന്നതുവരെ ആരോഗ്യവകുപ്പിലെ ഡോക്ടർമാർ അടങ്ങിയ 10 മെഡിക്കൽ ടീമുകളെ ആംബുലൻസ് ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിയോഗിക്കുന്നതാണ്. എന്തെങ്കിലും ശാരീരിക അസ്വസ്ഥകൾ ഉണ്ടായാൽ ആരോഗ്യ വകുപ്പിന്റെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.

 

 

തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിനാണ് ഏകോപന ചുമതല. വിവിധ ടീമുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനായി തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിച്ചു വരുന്നു. ഫെബ്രുവരി 26 വരെ ഈ കൺട്രോൾ റൂമിന്റെ പ്രവർത്തനം തുടരും. ഇതിന് പുറമെ പൊങ്കാല ദിവസമായ ഫെബ്രുവരി 25ന് ക്ഷേത്ര പരിസരത്ത് ഒരു മെഡിക്കൽ ഓഫീസറിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നതാണ്.

നഗര പരിധിയിലുള്ള 16 അർബൻ ഹെൽത്ത് സെന്ററുകൾ പ്രാഥമിക ശുശ്രൂഷകൾ നൽകുന്ന ഫീൽഡ് ഹോസ്പിറ്റലുകളായി പ്രവർത്തിക്കും. ഫോർട്ട് താലൂക്ക് ആശുപത്രി, നേമം താലൂക്ക് ആശുപത്രി, ജനറൽ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഐരാണിമുട്ടം സാമൂഹികാരോഗ്യ കേന്ദ്രം, 10 സ്വകാര്യ ആശുപത്രികൾ എന്നിവ തീവ്രമല്ലാത്ത സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്ന കണ്ടിജന്റ് സെന്ററുകളായി പ്രവർത്തിക്കും. ഏത് അടിയന്തിര സാഹചര്യവും നേരിടുന്ന സെന്ററായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രവർത്തിക്കും. അടിയന്തിര സാഹചര്യമുണ്ടായാൽ നേരിടുന്നതിനായി അത്യാഹിത വിഭാഗത്തിൽ 100 കിടക്കകളും പൊള്ളലേറ്റാൽ ചികിത്സയ്ക്കായി വാർഡ് 26ൽ 30 കിടക്കകളും സജ്ജീകരിക്കും.

ഫെബ്രുവരി 26 വരെ ആരോഗ്യ സേവനങ്ങൾക്ക് രാവിലെ 7 മുതൽ രാത്രി 10 വരെ രണ്ട് ഷിഫ്റ്റുകളായി ഡോക്ടർ, സ്റ്റാഫ് നഴ്സ്, അറ്റന്റമാരുമടങ്ങുന്ന മെഡിക്കൽ ടീമും കുത്തിയോട്ടത്തിന് വ്രതം അനുഷ്ഠിക്കുന്ന കുട്ടികൾക്ക് ആവശ്യമായ വൈദ്യസഹായത്തിന് ശിശുരോഗ വിദഗ്ദ്ധർ, സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ് എന്നിവരടങ്ങിയ മെഡിക്കൽ ടീമും പ്രവർത്തിച്ചു വരുന്നു. ഇതുകൂടാതെ 5 ഡോക്ടർമാരും സ്റ്റാഫ് നേഴ്സുമാരും അടങ്ങിയ ഐഎംഎയുടെ മെഡിക്കൽ ടീം ആറ്റുകാൽ ക്ഷേത്ര പരിസരത്ത് പൊങ്കാല ദിവസം വൈദ്യ സഹായം നൽകും.

ഫെബ്രുവരി 26 വരെ രണ്ട് കനിവ് 108 ആംബുലൻസുകൾ ക്ഷേത്ര പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ മറ്റ് വകുപ്പുകളുടെ 10 ആംബുലൻസുകളും സ്വകാര്യ ആശുപത്രികളുടെ 7 ആംബുലൻസുകളും ഒരുക്കിയിട്ടുണ്ട്. പൊങ്കാലയോടനുബന്ധിച്ച് പോലീസ് വകുപ്പ് നിർദേശിച്ച 20 അതീവ ജാഗ്രതാ പോയിന്റുകളിൽ ആരോഗ്യ വകുപ്പിന്റെയും ഇതര വകുപ്പുകളുടെയും സന്നദ്ധ സംഘടനങ്ങളുടെയും ആംബുലൻസുകൾ 24ന് വൈകുന്നേരം മുതൽ സജ്ജമാക്കും.

സാനിറ്റേഷൻ പ്രവർത്തനങ്ങൾക്ക് ടെക്നിക്കൽ അസിസ്റ്റന്റിന്റെ നേതൃത്വത്തിൽ ഒരു ഹെൽത്ത് ഇൻസ്‌പെക്ടറും 3 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരും അടങ്ങിയ സാനിട്ടേഷൻ ടീമും പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്ക് 7 ഹെൽത്ത് സൂപ്പർവൈസർമാരും ഹെൽത്ത് ഇൻസ്‌പെക്ടർമാരും അടങ്ങിയ പബ്ലിക് ഹെൽത്ത് ടീമും പ്രവർത്തിച്ചു വരുന്നു.

ഇതുകൂടാതെ ആയുർവേദ ഹോമിയോ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കൺട്രോൾ റുമൂം ആറ്റുകാലിൽ സജ്ജമാക്കിയിട്ടുണ്ട്. 5 പ്രത്യേക സ്‌ക്വാഡുകൾ പ്രവർത്തിച്ചു വരുന്നു. രജിസ്‌ട്രേഷനോ, ലൈസൻസോ ഇല്ലാത്ത ഒരു ഭക്ഷ്യ സ്ഥാപനത്തിനും പ്രവർത്തിക്കാൻ അനുമതിയില്ല. പൊങ്കാലയോടനുബന്ധിച്ച് താത്ക്കാലിക രജിസ്‌ട്രേഷൻ നൽകുന്നതിനായി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. അന്നദാനം നടത്തുന്ന എല്ലാവർക്കും രജിസ്‌ട്രേഷൻ നിർബന്ധമാണ്. കൃത്യമായ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. ഇതുവരെ അന്നദാനം നടത്തുന്ന 365 വ്യക്തികളും സ്ഥാപനങ്ങളും താത്ക്കാലിക രജിസ്‌ട്രേഷൻ എടുത്തിട്ടുണ്ട്. പരിശോധനയ്ക്കായി മൊബൈൽ ലാബിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe