മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) വരുന്ന നയവിശകലനത്തില്‍ റീപ്പോ നിരക്ക് ഉയര്‍ത്തിയേക്കും. ഒക്ടോബര്‍ 30നുള്ള നയവിശകലനത്തില്‍ ബാങ്ക് റീപ്പോ നിരക്കില്‍ കാല് ശതമാനത്തിന്റെ വര്‍ധന പ്രഖ്യാപിച്ചേക്കുമെന്നാണു റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ കണക്കുകൂട്ടുന്നത്.
റീപ്പോ നിരക്കില്‍ വര്‍ധന വരുത്തുന്നതിനോടൊപ്പം തന്നെ മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്കില്‍ സമാനമായ ഇളവു പ്രഖ്യാപിക്കാനും സാധ്യതയുണെ്ടന്നു ക്രിസില്‍ വിലയിരുത്തി. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം സെപ്റ്റംബറില്‍ 6.46 ശതമാനമായി ഉയര്‍ന്നിരുന്നു.
കഴിഞ്ഞ നാലു മാസമായി നാണ്യപ്പെരുപ്പം ആര്‍ബിഐയുടെ സുസ്ഥിരനിലവാരത്തിനു മുകളില്‍ തുടരുന്ന സാഹചര്യത്തിലാണു നയവിശകലനത്തില്‍ നിരക്കുവര്‍ധന പ്രതീക്ഷിക്കുന്നത്.
ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന് ചുമതലയേറ്റശേഷം പ്രഖ്യാപിച്ച ആദ്യ നയവിശകലനത്തില്‍ തന്നെ നാണ്യപ്പെരുപ്പത്തിനു മൂക്കുകയറിടുന്നതിനാണു പ്രഥമ പരിഗണനയെന്നു വ്യക്തമാക്കിയിരുന്നു. രൂപയുടെ മൂല്യം സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായി എംഎസ്എഫ് നിരക്കില്‍ ഇളവു വരുത്തുമെന്നു രാജ്യത്തെ പ്രമുഖ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗവും അഭിപ്രായപ്പെട്ടു.