ആഭരണക്കവർച്ച സ്വർണം വാങ്ങാനെന്ന വ്യാജേന, എത്തിയത് വിമാനത്തിൽ; നാലംഗസംഘം പിടിയിൽ

news image
Apr 22, 2024, 4:28 am GMT+0000 payyolionline.in

കളമശേരി: സ്വർണം വാങ്ങാനെന്ന വ്യാജേന ഇടപ്പള്ളി രാജധാനി ജ്വല്ലറിയിലെത്തി ആഭരണം കവർന്ന നാലംഗ സംഘത്തെ പൊലീസ് തൃശൂരിൽ നിന്നു പിടികൂടി. പുണെ ഷാനി ടെംപിൾ ശുഭകാമ്നയിൽ അശ്വിൻ വിജയ് സോളങ്കി (44), ബിബ്‌വേവാഡി അപ്പർ ഇന്ദിരാനഗറിൽ ജ്യോത്സ്ന സുരാജ് കച്ച്‌വേ (30), സോലാപുർ കാദം ഹോസ്പിറ്റലിനു സമീപത്തുള്ള സുചിത്ര കിഷോർ സലുങ്കേ (52), താനെ അബർനാഥിൽ നിന്നുള്ള ജയ സച്ചിൻ ബാദ്ഗുജാർ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

 

വെള്ളിയാഴ്ച രാത്രി 7.50നാണ് ഇടപ്പള്ളി ടോളിലെ ജ്വല്ലറിയിൽ നിന്നു 4 പേരും ചേർന്ന് 63,720 രൂപ വിലയുള്ള സ്വർണ നെക്‌ലേസ് കവർന്നത്.  ജ്വല്ലറി പൂട്ടുന്നതിനു മുൻപായി നടത്തിയ സ്റ്റോക്കെടുപ്പിലാണ് മോഷ്ടിക്കപ്പെട്ടത് അറിയുന്നത്.

ജ്വല്ലറിയിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നു ഇവർ ജ്വല്ലറികൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന സംഘമാണെന്നും ഇവർക്കെതിരെ മറ്റു സംസ്ഥാനങ്ങളിൽ കേസുകളുണ്ടെന്നും പൊലീസ് തിരിച്ചറിഞ്ഞു. ഇവരുടെ ഫോൺ നമ്പറും വിവരങ്ങളും പൊലീസ് ശേഖരിച്ചു.  ഇടപ്പള്ളിയിലെ മോഷണത്തിനു ശേഷം പ്രതികൾ മൊബൈൽഫോണുകൾ ഓഫ് ചെയ്തു കടന്നുകളയുകയായിരുന്നു. പൊലീസ് രാത്രി തന്നെ എല്ലാ സ്റ്റേഷനുകളിലേക്കും പ്രതികളുടെ ഫോട്ടോകൾ സഹിതം വിവരങ്ങൾ കൈമാറിയിരുന്നു. പൊലീസിന്റെ ജാഗ്രതയാണു തൊട്ടടുത്ത ദിവസം തന്നെ ഇവരെ വലയിലാക്കിയത്.

 

തൃശൂരിലെത്തിയ ശേഷം മൊബൈൽ ഫോണുകൾ ഓൺ ചെയ്ത സംഘത്തെ തൃശൂർ ഈസ്റ്റ് പൊലീസ് തൃശൂർ റൗണ്ടിൽ തടഞ്ഞുവച്ച് കളമശേരി പൊലീസിനു കൈമാറുകയായിരുന്നു.

 

തൃശൂരിലെ ഒരു ജ്വല്ലറിയിൽ മോഷണം നടത്താനുള്ള തയാറെടുപ്പിലായിരുന്നു ഇവരെന്നു പൊലീസ് പറഞ്ഞു. ഇംഗ്ലിഷ് ഉൾപ്പെടെ വിവിധ ഭാഷകൾ സംസാരിക്കുന്ന ഇവർ കൂട്ടത്തോടെ ജ്വല്ലറിയിലെത്തി  ജീവനക്കാരുടെ വിശ്വാസ‌ം നേടി അവരുടെ ശ്രദ്ധതിരിച്ചാണ് കവർച്ച നടത്തിയിരുന്നത്. ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സമാന കുറ്റകൃത്യങ്ങൾ ചെയ്യുകയും ശിക്ഷ അനുഭവിച്ചിട്ടുള്ളവരുമാണ്. നക്ഷത്ര ജ്വല്ലറിയിൽ നിന്നു 3.5 പവൻ ആഭരണങ്ങൾ കവർന്നതും ഇവരാണെന്നു പൊലീസ് പറഞ്ഞു. പ്രതികൾ വിമാനമാർഗമാണ് കൊച്ചിയിലെ മോഷണത്തിന് എത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe