ആന്റി ഡംപിംങ്‌ തീരുവ നീക്കി; ചെമ്മീന്‍ വില ഉയരും

news image
Oct 4, 2013, 4:41 pm IST payyolionline.in
ഇന്ത്യന്‍ കയറ്റുമതിക്ക്‌ തിരിച്ചടിയായിരുന്ന ആന്റി ഡംപിംങ്‌ തീരുവ അമേരിക്കന്‍ വാണിജ്യ മന്ത്രാലയം നീക്കി. ഇതോടെ ഇന്ത്യന്‍ ചെമ്മീന്‍ ഉള്‍പ്പെടെയുള്ള കയറ്റുമതി ഉല്‌പന്നങ്ങള്‍ക്ക്‌ വില ഉയരുമെന്ന്‌ പ്രതീക്ഷ. ഡോളര്‍ മൂല്യം കൂടിയതും ചെമ്മീന്‍ വിലയില്‍ പ്രതിഫലിക്കും.
ഇന്ത്യന്‍ തീരത്തു നിന്നും രാജ്യത്തെ ഫാമുകളില്‍ നിന്നും പിടിക്കുന്നവയാണ്‌ അമേരിക്കയിലേക്ക്‌ കയറ്റുമതി ചെയ്യുന്ന ചെമ്മീനുകള്‍ എന്ന്‌ പരിശോധനയില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്‌ഥാനത്തിലാണ്‌ കഴിഞ്ഞമാസം ആന്റി ഡംപിങ്ങ്‌ ഡ്യൂട്ടി എടുത്തുകളഞ്ഞത്‌. അമേരിക്കന്‍ കോടതി നിയോഗിച്ച കമ്മിഷന്‍ ഒരുവര്‍ഷം മുമ്പ്‌ തെളിവെടുപ്പ്‌ നടത്തി മടങ്ങിയിരുന്നു. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ തീരുവ എടുത്തുകളഞ്ഞത്‌.
ഇന്ത്യയില്‍ നിന്നയക്കുന്ന ചെമ്മീനും ചെമ്മീന്‍ ഉല്‍പന്നങ്ങളും ഇവിടത്തേതു തന്നെയെന്ന്‌ പരിശോധിക്കാനാണ്‌ അമേരിക്കന്‍ കമ്മിഷന്‍ ഇന്ത്യ സന്ദര്‍ശിച്ചത്‌. സമുദ്രോല്‍പന്ന കയറ്റുമതി വികസന അഥോറിറ്റിക്കാര്‍ (എം.പി.ഇ.ഡി.എ) ഒമ്പത്‌ തീരദേശ സംസ്‌ഥാനങ്ങളില്‍ പരിശോധനയ്‌ക്ക് കൊണ്ടുപോയി സ്‌ഥിതിഗതികള്‍ നേരിട്ട്‌ ബോധ്യപ്പെടുത്തി. ഇതേത്തുടര്‍ന്നാണ്‌ അനുകൂലമായ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌.
2005 ലാണ്‌ 11.5 ശതമാനം ആന്റി ഡംപിംങ്‌ തീരുവ ചുമത്തിയത്‌. പിന്നീട്‌ അത്‌ വര്‍ദ്ധിപ്പിച്ചു. ഇതോടെ രാജ്യത്ത്‌ 280 ചെമ്മീന്‍ കയറ്റുമതിക്കാര്‍ ഉണ്ടായിരുന്നത്‌ 2009 ആയപ്പോഴേക്കും 68 ആയി കുറഞ്ഞു.
മറ്റു രാജ്യങ്ങളില്‍ നിന്ന്‌ ചെമ്മീന്‍ കൊണ്ടുവന്ന്‌ അമേരിക്കയിലേക്ക്‌ കയറ്റുമതി ചെയ്യുകയാണെന്നു പരാതി ഉയര്‍ന്നതിന്റെ അടിസ്‌ഥാനത്തിലാണ്‌ ആന്റി ഡംപിങ്ങ്‌ തീരുവ ചുമത്തിയത്‌. തീരുവ എടുത്തുകളഞ്ഞതോടെ ഇനി രാജ്യത്ത്‌ ചെമ്മീന്‍ വില ഉയരും. കഴിഞ്ഞ എട്ടുവര്‍ഷമായി ഈ ഡ്യൂട്ടി നിലവിലുണ്ട്‌. ഇതുമൂലം കയറ്റുമതിക്കാര്‍ വില കുറച്ചാണ്‌ ചെമ്മീന്‍ എടുത്തിരുന്നത്‌. ഇത്‌ കര്‍ഷകര്‍ക്കും ബോട്ടുകാര്‍ക്കും നഷ്‌ടമുണ്ടാക്കിയിരുന്നു. ഇന്ത്യയ്‌ക്കൊപ്പം തായ്‌ലണ്ടിനും ഡ്യൂട്ടി എടുത്തുകളഞ്ഞിട്ടുണ്ട്‌.
തീരുവ എടുത്തുകളഞ്ഞതോടെ ഈമാസം അവസാനത്തോടെ ചെമ്മീന്‍ വില കുത്തനെ ഉയരും. ഈ സമയത്ത്‌ കടല്‍ ചെമ്മീനുകളായ പൂവാലന്‍, നാരന്‍ ചെമ്മീനുകള്‍ കിട്ടിത്തുടങ്ങും. ഉള്‍നാടന്‍ ജലാശയങ്ങളില്‍ കാലവര്‍ഷത്തില്‍ ഉപ്പ്‌ കുറയുന്നതിനാല്‍ ചെമ്മീന്‍ കുറവായിരിക്കും. ഉപ്പ്‌ കയറിത്തുടങ്ങുമ്പോഴാണ്‌ ചെമ്മീന്‍ വിളയുന്നത്‌.
എന്നാല്‍ ഫാമുകളില്‍ രോഗബാധമൂലം ഇത്തവണ ചെമ്മീന്‍ കുറയുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്‌. വിയറ്റ്‌നാം ഇനമായ വനാമി ചെമ്മീന്‌ വ്യാപകമായി രോഗബാധ കണ്ടെത്തിയിട്ടുണ്ട്‌. ആന്‌ധ്രാപ്രദേശിലെ ഫാമുകളില്‍ രോഗബാധ കണ്ടെത്തി. വനാമിയുടെ ഹാര്‍വെസ്‌റ്റ് ഈ മാസം ആരംഭിക്കും.
ഇന്ത്യന്‍ കടല്‍ ചെമ്മീന്‌ വന്‍ ഡിമാന്റാണ്‌. എന്നാല്‍ പീലിംഗിന്‌ പണിക്കാര്‍ ഇല്ല. കൂലി വര്‍ധന ഇല്ലാത്തതാണു കാരണം. കൃത്യമായ ശുചിത്വം പാലിക്കേണ്ടതിനാല്‍ കയറ്റുമതിക്കാര്‍ക്ക്‌ സ്വന്തം പീലിംഗ്‌ ഷെഡ്‌ ഉണ്ട്‌. തൊഴിലുറപ്പു പദ്ധതി വന്നതാണ്‌ പീലിംഗിനു സ്‌ത്രീകളെ കിട്ടാതായതെന്ന്‌ കയറ്റുമതിക്കാര്‍ പറയുന്നു.
പീലിംഗിന്‌ തൊഴിലാളികളെ കിട്ടാതായതോടെ തലമാറ്റിയശേഷം പീലിംഗിനായി തായ്‌ലണ്ടിലേക്കും വിയറ്റ്‌നാമിലേക്കും കയറ്റിവിടുകയാണ്‌. അവിടെ നിന്ന്‌ പീലിംഗ്‌ നടത്തി തിരിച്ചെത്തുന്ന ചെമ്മീനാണ്‌ അമേരിക്കയിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നത്‌. ഇവ ഇന്ത്യന്‍ ചെമ്മീനുകളല്ലെന്ന്‌ വാദിച്ചാണ്‌ യു.എസ്‌.എ. 40 ശതമാനംവരെ ആന്റി ഡംപിങ്ങ്‌ ഡ്യൂട്ടി ചുമത്തിയത്‌. ഇത്‌ ഇന്ത്യന്‍ ചെമ്മീനുകളാണെന്ന്‌ ബോധ്യപ്പെടുത്താന്‍ കമ്മിഷനുമുമ്പാകെ കഴിഞ്ഞു.
ചെമ്മീന്‍ കയറ്റുമതി വര്‍ധിക്കുന്നതോടെ വന്‍തോതില്‍ വിദേശനാണ്യം ഇന്ത്യയിലെത്തും. ഈരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും വന്‍ നേട്ടമായി മാറുമെന്നാണു പ്രതീക്ഷ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe