ആദിത്യ ശ്രീയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ല; പന്നിപ്പടക്കം പൊട്ടിയതാണെന്ന് സൂചന

news image
Nov 16, 2023, 1:22 pm GMT+0000 payyolionline.in

തൃശൂർ: തൃശൂർ തിരുവില്വാമല പട്ടി പറമ്പ് സ്വദേശിനി ആദിത്യ ശ്രീയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. പൊട്ടിത്തെറിച്ചത് ഫോൺ അല്ല, പന്നിപ്പടക്കം പൊട്ടിയതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നുമാണ് സൂചന. പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവയുടെ സാന്നിധ്യം ഫോറൻസിക് വിദ​ഗ്ധർ കണ്ടെത്തിയിട്ടുണ്ട്.

പറമ്പിൽ നിന്ന് കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നാണ് സംശയം. ഫോറൻസിക് പരിശോധന ഫലത്തിൻ്റെ അടിസ്ഥാനത്തിൽ കുന്നംകുളം എ.സി.പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഫോണിന്റെ അവശിഷ്ടങ്ങളും കിടക്കയുടെ ഭാഗങ്ങളും പരിശോധിച്ചു. ഫൊറൻസിക് പരിശോധന ഫലം പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 26 നായിരുന്നു സംഭവം. വീഡിയോ കാണുന്നതിനിടയിൽ കുട്ടി ഫോൺ പൊട്ടിത്തെറിച്ച് മരിക്കുകയായിരുന്നുവെന്നാണ് വീട്ടുകാർ പറഞ്ഞത്. പുതപ്പിനടിയിൽ കിടന്ന് ഫോണിൽ ഗെയിം കളിക്കുകയായിരുന്നെന്നായിരുന്നു മുത്തശ്ശിയുടെ മൊഴി. ഈ സമയം മുത്തശ്ശിയും ആദിത്യ ശ്രീയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.

അശോകന്റെ മകൾ ആദിത്യ ശ്രീയാണ് മരിച്ചത്. തിരുവില്വാമല ക്രൈസ്റ്റ്‌ ന്യൂ ലൈഫ്‌ സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായിരുന്നു ആദിത്യശ്രീ. പിതാവ്‌ അശോക്‌ കുമാർ പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമായിരുന്നു. വീടിനുള്ളിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe