‘അവളെ ഇഷ്ടമായിരുന്നു സാറെ, മരണശേഷം ഒന്നിക്കാമെന്ന് കരുതി’; പൊലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ആല്‍വിൻ

news image
Feb 2, 2023, 10:14 am GMT+0000 payyolionline.in

ഇടുക്കി: മൂന്നാറില്‍ ടിടിസി വിദ്യാര്‍ത്ഥിനി പ്രിന്‍സിയെ വെട്ടിയ കേസില്‍ അറസ്റ്റിലായ ആല്‍വിൻ ചോദ്യം ചെയ്യുമ്പോള്‍ പൊലീസിന് മുന്നില്‍ പൊട്ടിക്കരഞ്ഞു. പ്രിന്‍സിയെ തനിക്ക് അത്രമേല്‍ ഇഷ്ടമായിരുന്നു എന്നാണ് ആല്‍വിൻ പൊലീസിനോട് പറഞ്ഞത്. ചെറുപ്പം മുതലുള്ള സുഹൃത്ത് ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു. വര്‍ഷങ്ങളായി മനസില്‍ കൊണ്ട് നടന്ന ഇഷ്ടം തമാശ രൂപത്തില്‍ പ്രിന്‍സിയോട് പറഞ്ഞെങ്കിലും പറ്റില്ല എന്ന മറുപടിയാണ് ആല്‍വിന് ലഭിച്ചത്.

 

 

പ്രായപൂര്‍ത്തിയായ ശേഷം പെണ്‍കുട്ടിയോട് അമിത സ്‌നേഹം കാണിച്ച് ആല്‍വിന്‍ എത്തിയെങ്കിലും പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ പൂലര്‍ത്തണമെന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. ഒരിക്കല്‍ പോലും പ്രിന്‍സി തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞില്ലെന്ന് ആല്‍വിൻ പൊലീസിനോട് പറഞ്ഞു. എന്നെങ്കിലും പ്രിന്‍സിക്ക് തന്‍റെ സ്‌നേഹം മനസിലാകുമെന്ന് കരുതി ഏറെ നാളായി കാത്തിരിക്കുകയായിരുന്നുവെന്നാണ് ആല്‍വിൻ പറയുന്നത്.

 

എന്നാല്‍ പ്രിന്‍സി തന്നെ പൂര്‍ണമായി ഒഴിവാക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് യുവാവിന് മനസിലായത്. ഇതോടെയാണ് മരണത്തിലെങ്കിലും ഒന്നുചേരാമെന്ന് കരുതി മൂന്നാറിലെത്തി വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചത്. പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് മൊഴി എടുക്കവേ ആല്‍വിൻ പൊലീസിന് മുന്നില്‍ പൊട്ടിക്കരഞ്ഞു.  ‘ഇഷ്ടമായിരുന്നു സാറെ എനിക്ക് അവളെ മരണശേഷമെങ്കിലും ഒന്നിക്കാമെന്ന് കരുതി’ എന്ന് പറഞ്ഞായിരുന്നു ആല്‍വിന്‍റെ കരച്ചില്‍.

ടിടിസി വിദ്യാര്‍ത്ഥിനിയെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍  കേസില്‍ പ്രതിയായ പാലക്കാട് സ്വദേശി ആല്‍വിനെ (23) കൈ ഞരമ്പ് മുറിച്ച നിലയിലാണ് പൊലീസ് ഇന്നലെ കണ്ടെത്തിയത്. പാലക്കാട് നിന്ന് മൂന്നാറില്‍ എത്തിയ ആല്‍വിൻ, പ്രിന്‍സി പഠിക്കുന്ന സ്ഥാപനം മനസിലാക്കി പുറത്തിറങ്ങുന്നതിനായി കാത്തുനിന്നു. ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ പിന്നാലെ കൂടി ശേഷം ആല്‍വിന്‍ കത്തി ഉപയോഗിച്ച് തലയില്‍ വെട്ടുകയായിരുന്നു.  താമസ സ്ഥലമായ നിർമ്മല ഹോസ്റ്റലിലേക്ക് പോകുംവഴി സീ സെവൻ ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു ആക്രമണം. ഇതിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ ഞരമ്പ് മുറിച്ച നിലയില്‍ പഴയ മൂന്നാര്‍ സിഎസ്‌ഐ പള്ളിക്ക് സമീപത്തുവെച്ച് ടൂറിസ്റ്റ് ഗൈഡുമാരാണ് കണ്ടെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe