അവധി അനുവദിച്ചില്ല; ത്രിപുരയില്‍ മേലുദ്യോഗസ്ഥരെ ജവാന്‍ വെടിവെച്ച് കൊലപ്പെടുത്തി

news image
Dec 5, 2021, 1:04 pm IST payyolionline.in

അഗര്‍ത്തല: ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിലെ ജവാന്‍   അവധി അനുവദിക്കാത്തതില്‍ ക്ഷുഭിതനായി രണ്ട് മേലുദ്യോഗസ്ഥരെ വെടിവെച്ച്  കൊലപ്പെടുത്തി. രണ്ട് ജൂനിയര്‍ കമ്മീഷണര്‍ ഗ്രേഡിലുള്ള ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. സുകാന്ത ദാസ്(38) എന്ന ജവാനാണ് മുതിര്‍ന്ന ജവാന്മാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. സുബേദാര്‍ മാര്‍ക സിങ് ജമാതിയ, നെയ്ബ് സുബേദാര്‍ കിരണ്‍ ജമാതിയ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സുകാന്ത ദാസിന്റെ കമാന്‍ഡിങ് ഓഫിസറാണ്. സെപഹിജാല ജില്ലയില്‍ അര്‍ധ സൈനികരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഒഎന്‍ജിസി ഇന്‍സ്റ്റലേഷന്‍ പ്രവര്‍ത്തിക്കിടെയാണ് സംഭവം. വെടിവെപ്പിന് ശേഷം സ്ഥലത്തുനിന്ന് മുങ്ങിയ സുകാന്ത, പിന്നീട് മധുപുര്‍ പൊലീസില്‍ കീഴടങ്ങി.ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.

സുകാന്ത അവധിക്ക് അപേക്ഷിച്ചെങ്കിലും അനുവദിക്കാത്തതാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാള്‍ പറഞ്ഞു. അവധിക്ക് പകരം റിഫ്രഷ്‌മെന്റ് ട്രെയിനിങ്ങിന് പോകാനാണ് മേലുദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത്. ഇതിലും ഇയാള്‍ നിരാശനായിരുന്നു. കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തെ മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍ അനുശോചനമറിച്ചു. കുടുംബത്തിന് അഞ്ച് ലക്ഷം വീതം നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഛത്തീസ്ഗഢ് സുക്മയില്‍ നാല് സഹപ്രവര്‍ത്തകരെ ജവാന്‍ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം സുകാന്ത ദാസും കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe