അമേരിക്കന്‍ കേന്ദ്രബാങ്കിനെ നയിക്കാന്‍ ചരിത്രത്തിലാദ്യമായി ഒരു വനിത

news image
Oct 11, 2013, 1:53 pm IST payyolionline.in

വാഷിംഗ്ടണ്‍ : സാമ്പത്തിക – രാഷ്ട്രീയ അസ്ഥിരതകള്‍ക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഫെഡറല്‍ റിസര്‍വിന്റെ മേധാവിയായി ഒരു വനിതയെ നാമനിര്‍ദേശം ചെയ്തു. അമേരിക്കയുടെ ചരിത്രത്തിലാദ്യമായാണ് കേന്ദ്രബാങ്കിന്റെ തലപ്പത്തേക്ക് ഒരു വനിതയെത്തുന്നത്. 67 കാരിയായ ജാനറ്റ് യെലനെയാണ് ഫെഡറല്‍ റിസര്‍വിന്റെ മേധാവിയായി ഒബാമ നിയോഗിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തലപ്പത്തും ചരിത്രത്തിലാദ്യമായി ഒരുവനിതയാണെന്നത് തികച്ചും ആ്കസ്മികമാകാം. എസ്ബിഐയുടെ മേധാവിയായി അരുന്ധതി റോയി ചുമതലയേറ്റതും ദിവസങ്ങള്‍ക്ക് മുമ്പാണ്. പുരുഷാധിപത്യമേഖലയില്‍ സ്ത്രീകള്‍ ഒരുനാഴികക്കല്ല് കൂടി പിന്നിടുകയാണ്.

നേരത്തെ, ധനകാര്യ സെക്രട്ടറിയായിരുന്ന ലാറി സമ്മേഴ്‌സനെയാണ് ഒബാമ ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ അമേരിക്കന്‍ സാമ്പത്തിക രംഗത്തുണ്ടായ തകര്‍ച്ച ഒബാമയെ മാറ്റി ചിന്തിപ്പിച്ചു. യെല്‍ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയവരാണ് യെലന്‍. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലും ്അധ്യാപികയായിരുന്ന പരിചയവും ഇവര്‍ക്ക് മുതല്‍ക്കൂട്ടായുണ്ട്. പ്രസിഡന്റ് ക്ലിന്റന്റെ സാമ്പത്തിക ഉപദേശകസമിതിയിലും ഇവര്‍ അംഗമായിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ റിസര്‍വിന്റെ സിഇഓ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സില്‍ വൈസ് ചെയര്‍പേഴ്‌സണുമായിരുന്നു.
യെലന്റെ നാമനിര്‍ദേശം അമേരിക്കന്‍ സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്. ഇവിടെ ഡെമോക്രാറ്റുകള്‍ക്കാണ് ഭൂരിപക്ഷമുളളത്. സെനറ്റ് അംഗീകരിച്ചാല്‍ രണ്ട് പ്രാവശ്യം ചെയര്‍മാന്‍ പദവിയിലുന്ന ബെന്‍ ബെര്‍ണാക്ക്ിന് ശേഷം ഇവര്‍ പദവിയിലെത്തും. ജനവരിയിലാണാണ് ബെന്നിന്റെ കാലാവധി അവസാനിക്കുക.
അമേരിക്കന്‍ ട്രഷറി അടച്ച് പൂട്ടിയതിന് ശേഷമുളള ഈ തീരുമാനം സാമ്പത്തിക രംഗത്ത് എന്ത് പ്രതിഫലനമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് കാത്തിരിക്കുകയാണ് നിരീക്ഷകര്‍. ഇന്ത്യയടക്കമുളള രാജ്യങ്ങളുടെ സാമ്പത്തിക രംഗത്തെയും ഫെഡറല്‍ റിസര്‍വിന്റെ നയങ്ങള്‍ സ്വാധീനിക്കുമെന്നതിനാല്‍ ലോകരാഷ്ട്രങ്ങള്‍ ആകാക്ഷയോടെ കാത്തിരിക്കുകയാണ് യെലന്റെ പുത്തന്‍ സാമ്പത്തിക നയങ്ങള്‍ക്കായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe