‘അപകടത്തിന് തൊട്ട് മുമ്പ് കെഎസ്ആർടിസി നിർത്തിയിരുന്നില്ല’; ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ വാദം തള്ളി യാത്രക്കാരൻ

news image
Oct 7, 2022, 3:09 am GMT+0000 payyolionline.in

പാലക്കാട്: കെഎസ്ആർടിസി ബസ് പെട്ടെന്ന് നിർത്തിയത് കൊണ്ടാണ് വടക്കഞ്ചേരിയില്‍ അപകടമുണ്ടായതെന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ വിശദീകരണം തള്ളി കെഎസ്ആർടിസി ബസിലെ യാത്രക്കാരൻ ശ്രീനാഥ്. അപകടത്തിന് തൊട്ട് മുമ്പ് കെഎസ്ആർടിസി ബസ് എവിടെയും നിർത്തിയിരുന്നില്ല. അടുത്ത സ്റ്റോപ്പിൽ ഇറങ്ങാൻ താൻ മുൻവശത്തേക്ക് നീങ്ങിയ സമയത്താണ് അപകടമുണ്ടായത്. കെഎസ്ആർടിസി അമിത വേഗതത്തിലായിരുന്നില്ലെന്നും പിറകിൽ വലിയ ശബ്ദം കേട്ടപ്പോഴാണ് അപകടമുണ്ടായത് അറിഞ്ഞതെന്നും ശ്രീനാഥ് പറഞ്ഞു.

 

ഉറങ്ങിപ്പോയതല്ല, കെഎസ്ആർടിസി ബസ് പെട്ടെന്ന് നിർത്തിയതാണ് അപകട കാരണമെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ  പറഞ്ഞത്. ബസ് കടന്നുപോകാന്‍ ഇടം ഉണ്ടായിരുന്നില്ലെന്നും ജോമോന്‍ പറയുന്നു. താന്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നും ഉറങ്ങിപ്പോയിട്ടില്ലെന്നും ജോമോന്‍  പറഞ്ഞു. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു ജോമോന്‍റെ പ്രതികരണം. അപകടത്തിന് പിന്നാലെ ആശുപത്രിയിൽ നിന്ന് മുങ്ങിയ ജോമോനെ കൊല്ലത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.

മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് വടക്കാഞ്ചേരി പൊലീസ് ജോമോനെതിരെ കേസെടുത്തിരിക്കുന്നത്. അപകടത്തിന് പിന്നാലെ ആശുപത്രിയിലെത്തിച്ച ജോമോനെ ബസ് ഉടമകൾ കൂട്ടിക്കൊണ്ടു പോയി. ജോമോനെ അന്വേഷിച്ചെത്തിയപ്പോൾ ആറരയോടെ എറണാകുളത്ത് നിന്നെത്തിവര്‍ കൂട്ടിക്കൊണ്ടു പോയെന്നായിരുന്നു ഡോക്ടറുടെ മറുപടി. അധ്യാപകനെന്ന് പറഞ്ഞാണ് ആദ്യം ചികിത്സ തേടിയത്. പിന്നീടാണ് വാഹനം ഓടിച്ചത് താനാണെന്ന് ജോമോന്‍ ഡോക്ടറോട് സമ്മതിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe