കോഴിക്കോട്: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്. ഇന്നും പത്ത് ജില്ലകളിൽ റെഡ് അലർട്ട് ഉണ്ട്. ആലപ്പുഴ മുതൽ കണ്ണൂർ വരെയുളള ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇന്നും നാളെയും കൂടി അതിതീവ്ര മഴയ്ക്ക് സാധ്യത തുടരന്നുവെന്നാണ് നിലവിലെ വിലയിരുത്തൽ. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമാണ് ഇന്നും കൂടുതൽ മഴ സാധ്യത. വെള്ളിയാഴ്ചയോട് കൂടി മഴ കുറഞ്ഞേക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.
കനത്ത മഴയിൽ തൃശ്ശൂർ ചാവക്കാടും കൊല്ലം ഇത്തിക്കരയാറ്റിലും കാണാതായവർക്കായി തെരച്ചിൽ തുടരുന്നു. മലവെള്ള പാച്ചിലിൽ കണ്ണൂരിലെ മലയോര മേഖലകളിൽ കനത്ത നാശമാണുണ്ടായത്. വയനാട്ടിലേക്കുള്ള നെടുംപൊയിൽ ചുരം റോഡിൽ ഗതാഗതതടസം തുടരുകയാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം വിലയിരുത്തും. നിരവധി പേരുടെ വീടും കൃഷിയും നശിച്ച സാഹചര്യത്തിൽ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.