അച്ഛന്‍ മരിച്ചാല്‍ കുട്ടിക്ക് നല്‍കേണ്ട കുടുംബപ്പേര് അമ്മയ്ക്ക് തീരുമാനിക്കാം: സുപ്രീംകോടതി

news image
Jul 29, 2022, 11:54 am IST payyolionline.in

ദില്ലി: പുനർവിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്ക് ആദ്യ വിവാഹത്തിലെ മക്കളുടെ പേരിന്‍റെ കൂടെ  രണ്ടാം ഭര്‍ത്താവിന്‍റെ പേര് ചേര്‍ക്കാന്‍ അവകാശമുണ്ടെന്ന്  സുപ്രീം കോടതി.  കഴിഞ്ഞ ദിവസമാണ്  സുപ്രീംകോടതി ഈ സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്.

 

 

“പിതാവിന്റെ മരണശേഷം അമ്മയ്ക്ക് രണ്ടാമത്തെ ഭർത്താവിന്‍റെ പേര്‍ സര്‍ നെയിം ആയി കുട്ടിക്ക് നൽകാം. പുനർവിവാഹം ചെയ്താൽ അമ്മയ്ക്ക് സ്വന്തം മക്കളുടെ പേരിനൊപ്പം അവരുടെ ഭര്‍ത്താവിന്‍റെ സര്‍നെയിം ഉപയോഗിക്കുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ” – സുപ്രീംകോടതി വിധി പറയുന്നു.

അമ്മയുടെ രണ്ടാമത്തെ ഭർത്താവിന്റെ പേര് ‘രണ്ടാനച്ഛൻ’ എന്ന് കുട്ടികളുമായി ബന്ധപ്പെട്ട രേഖകളിൽ ഉൾപ്പെടുത്തുന്നത് ഏറെക്കുറെ ക്രൂരമാണെന്നും കോടതി നിരീക്ഷിച്ചു. ഇത് കുട്ടിയുടെ മാനസികാരോഗ്യത്തെയും ആത്മാഭിമാനത്തെയും ബാധിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി.  ഒരു കുട്ടിയുടെ സര്‍ നെയിം സംബന്ധിച്ച് കുട്ടിയുടെ അമ്മയും കുട്ടിയുടെ പിതാവിന്‍റെ മാതാപിതാക്കളും തമ്മിലുള്ള തർക്കത്തിലാണ് സുപ്രീം കോടതിയുടെ വിധി. ഭർത്താവ് മരിച്ചതിനെ തുടർന്ന് യുവതി വീണ്ടും വിവാഹം കഴിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പേരിന്‍റെ കൂടെ തന്‍റെ പുതിയ ഭര്‍ത്താവിന്‍റെ പേര് ചേര്‍ത്തത് ചോദ്യം ചെയ്താണ്  പിതാവിന്‍റെ മാതാപിതാക്കള്‍ കോടതിയില്‍ പോയത്.

ഈ കേസില്‍ കുട്ടിയുടെ അച്ഛന്‍റെ  കുടുംബപ്പേര് പുനഃസ്ഥാപിക്കാൻ ഉത്തരവിട്ട ആന്ധ്രാപ്രദേശ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് അമ്മ സുപ്രീം കോടതിയെ സമീപിച്ചത്. രേഖകൾ അനുവദിക്കുന്നിടത്തെല്ലാം സ്വാഭാവിക പിതാവിന്റെ പേര് കാണിക്കണമെന്നും അത് അനുവദനീയമല്ലെങ്കിൽ അമ്മയുടെ പുതിയ ഭർത്താവിന്റെ പേര് “രണ്ടാനച്ഛൻ” എന്ന് രേഖപ്പെടുത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഈ വിധിയാണ് സുപ്രീംകോടതി തള്ളിയത്.

“ആദ്യ ഭർത്താവിന്റെ മരണശേഷം, കുട്ടിയുടെ ഒരേയൊരു സ്വാഭാവിക രക്ഷാധികാരി എന്ന നിലയിൽ, കുട്ടിയെ പുതിയ കുടുംബത്തിൽ ഉൾപ്പെടുത്തുന്നതിൽ നിന്നും കുടുംബപ്പേര് തീരുമാനിക്കുന്നതിൽ നിന്നും അമ്മയെ നിയമപരമായി തടയാന്‍ സാധിക്കില്ല.” – സുപ്രീംകോടതി വിധി പറയുന്നു.

ഒരു കുട്ടിക്ക് സര്‍നെയിം വേണ്ടതിന്‍റെ പ്രാധാന്യവും കോടതി വിധിയില്‍ എടുത്തു പറഞ്ഞു, “ഒരു കുട്ടിക്ക് അവന്‍റെ ഐഡന്റിറ്റി ലഭിക്കുന്നതിനാൽ പേര് പ്രധാനമാണ്. അവന്‍റെ കുടുംബത്തിൽ തന്നെ  പേരിലെ വ്യത്യാസം ചില വസ്തുതകളെ നിരന്തരമായ ഓർമ്മപ്പെടുത്തുകയും വേട്ടയാടുകയും ചെയ്യും. അവനും അവന്‍റെ മാതാപിതാക്കളും തമ്മിലുള്ള സുഗമവും സ്വാഭാവികവുമായ ബന്ധത്തെ തടസ്സപ്പെടുത്തുന്ന അനാവശ്യ ചോദ്യങ്ങൾക്ക് ഇത് ഇടയാക്കും, കോടതി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe