എമ്പുരാന്റെ റിലീസിന് ഇനി കൃത്യം ഒരു മാസം കൂടിയാണുള്ളത്. മാർച്ച് 27ന് ചിത്രം തിയേറ്ററുകളിലെത്തുകയാണ്. പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന റിലീസുകളിൽ ഒന്നാണിത്. സിനിമയുടെ ഇതുവരെയുള്ള അപ്ഡേറ്റുകളെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. സിനിമയിലെ കഥാപാത്രങ്ങളെയെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ പരിചയപ്പെടുത്തിയിരുന്നു. എന്നാൽ ഇനിയും സർപ്രൈസ് താരങ്ങൾ ചിത്രത്തിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
ലൂസിഫർ എന്ന ചിത്രത്തിന്റെ വമ്പൻ വിജയവും മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടും തന്നെയാണ് എമ്പുരാനായുള്ള കാത്തിരിപ്പിന് ആക്കം കൂട്ടുന്നത്. ഇപ്പോഴിതാ റിലീസിന് മുന്നോടിയായി പുതിയൊരു അപ്ഡേറ്റ് പുറത്തുവരികയാണ്. ആദ്യ ഭാഗയമായ ലൂസിഫർ റീ റിലീസിന് ഒരുങ്ങുന്നു എന്നതാണ് പുതിയ അപ്ഡേറ്റ്. എമ്പുരാന്റെ ഓവർസെസ് വിതരണാവകാശം നേടിയ ഫാർസ് ഫിലിംസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് റീ റിലീസ് സംബന്ധിച്ച വിവരം ഷെയർ ചെയ്തിരിക്കുന്നത്. മാർച്ച് 20ന് ലൂസിഫർ വീണ്ടും ബിഗ് സ്ക്രീനിൽ എത്തും. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ ദുബായിൽ മാത്രമാണോ റീ റിലീസ് എന്ന കാര്യത്തിൽ വ്യക്തതയില്ല.