പുണെ : പുണെയിൽ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസിനുള്ളിൽ 26 കാരി ബലാത്സംഗത്തിന് ഇരയായി. പോലീസ് സ്റ്റേഷന് സമീപമുള്ള സ്വർഗേറ്റ് ഡിപ്പോയിലെ സ്റ്റേറ്റ് ട്രാസ്പോർട്ട് ബസിലായിരുന്നു അതിക്രമം.സി.സി.ടി.വി ദൃശ്യത്തിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായില്ല. നിരവധി കേസുകളില്പ്രതിയായ ദത്താത്രേയ ഗഡെ (36) എന്നയാൾക്ക് വേണ്ടി വൻ തിരച്ചിലാരംഭിച്ചിരിക്കുകയാണ് പൊലീസ്.നാട്ടിലേക്ക് പോകാനുള്ള ബസാണെന്ന് തെറ്റിധരിപ്പിച്ചാണ് യുവതിയെ ബസിലേക്ക് കൂട്ടികൊണ്ടുപോയത്. ചൊവാഴ്ച പുലർച്ചയാണ് സംഭവം.
ബസ് കാത്തിരുന്ന യുവതിയോട് എങ്ങോട്ടാണെന്ന് തിരക്കിയ യുവാവ് നിർത്തിയിട്ട ബസ് അങ്ങോട്ടാണെന്ന് പറഞ്ഞു. എന്നാൽ വെളിച്ചമില്ലാത്ത ബസിൽ കയറാൻ പേടിച്ച യുവതിയോട് യാത്രക്കാർ ഉറങ്ങുന്നതിനാൽ ലൈറ്റുകൾ ഓഫ് ചെയ്തിരിക്കുകയാണെന്ന് യുവാവ് വിശ്വസിപ്പിച്ചു. തുടർന്ന് ബസ്സിനുള്ളിൽ കയറിയ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.നാട്ടിലേക്ക് പോകാനുള്ള അടുത്ത ബസ്സിൽ കയറിയപ്പോൾ സുഹൃത്തിനെ കാണുകയും പീഡനവിവരം വെളിപ്പെടുത്തുകയും ചെയ്തു. തുടർന്ന്, സുഹൃത്തിന്റെ നിർദേശമനുസരിച്ചാണ് പൊലീസിൽ പരാതി നൽകിയത്.