ബലാത്സംഗ പരാതിയിൽ ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം

news image
Dec 11, 2024, 9:07 am GMT+0000 payyolionline.in

കൊച്ചി: ബലാത്സംഗ പരാതിയിൽ ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈകോടതി ജാമ്യം നൽകിയത്. പരാതി നൽകിയതിലെ കാലതാമസം കൂടി പരിഗണിച്ചാണ് ജാമ്യം.

 

സ്ത്രീകൾക്ക് മാത്രമല്ല, പുരുഷൻമാർക്കും അന്തസ്സും അഭിമാനവുമുണ്ടെന്നും കോടതി നിരീക്ഷിച്ചു. 40 ലേറെ സിനിമകൾ ചെയ്ത അറിയപ്പെടുന്ന സംവിധായകനാണ് ബാലചന്ദ്ര മേനോൻ. കേസെടുത്തത് 17 വർഷം മുമ്പ് നടന്നതായി പറയുന്ന പരാതിയുടെ അടിസ്ഥാനത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സിനിമാ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വിളിച്ചുവരുത്തി ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്.’ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് ബാലചന്ദ്ര മേനോൻ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് നടിയുടെ ആരോപണം.

2007 ജനുവരിയിൽ ആയിരുന്നു സംഭവം. ഗൾഫിൽ ജോലി നോക്കിയിരുന്ന തന്നെ സിനിമയിൽ ചീഫ് സെക്രട്ടറിയുടെ വേഷം വാഗ്ദാനം ചെയ്താണ് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. സെക്രട്ടറിയേറ്റിന് സമീപത്തെ ഹോട്ടലിൽ മുറിയും ഏർപ്പാടാക്കി. എത്തിയ ദിവസം തന്നെ ബാലചന്ദ്ര മേനോൻ മുറിയിലേക്ക് വിളിപ്പിച്ചു. അവിടെ ചെല്ലുമ്പോൾ കണ്ട കാഴ്ച മോശമായതിനാൽ അപ്പോൾ തന്നെ അവിടം വിട്ടിറങ്ങിയെങ്കിലും പിറ്റേദിവസം രാത്രിയും ബാലചന്ദ്ര മേനോൻ മുറിയിലേക്ക് വിളിപ്പിച്ചു. അവിടെയുണ്ടായിരുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും ഒപ്പം സംഘം ചേർന്ന് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു.

അതിനു വിസമ്മതിച്ച് സിനിമയിൽ അഭിനയിക്കാതെ തിരികെ പോകാൻ നിന്ന തന്നെ അനുനയിപ്പിച്ച് ചിത്രീകരണം നടത്തിയെന്നും എന്നാൽ പിന്നെയും ബാലചന്ദ്ര മേനോനിൽ നിന്ന് ദുരനുഭവം ഉണ്ടായെന്നുമായിരുന്നു നടിയുടെ ആരോപണം. പുറത്തുപറഞ്ഞാൽ ചിത്രീകരിച്ച ഭാഗങ്ങൾ ഒഴിവാക്കുമെന്നും വലിയ ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായും നടി പരാതിയിൽ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe