കോഴിക്കോട്: വെള്ളയിൽ പൊലീസ് സ്റ്റേഷനു സമീപം നടുറോഡിൽ കാർ റേസിങ് റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവാവ് കാറിടിച്ച് മരിച്ചതിൽ അടിമുടി ദുരൂഹത. ചൊവ്വാഴ്ച രാവിലെ ആറരയോടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ വടകര കടമേരി സ്വദേശി ആൽവിൻ സ്വകാര്യ ആശുപത്രിയിൽ പകൽ പതിനൊന്നരയോടെയാണ് മരിച്ചത്. എന്നാൽ, സംഭവത്തിൽ കേസെടുത്ത പൊലീസിന്, രാത്രി വൈകിയും ഏത് വാഹനമാണ് അപകടം വരുത്തിയതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
മാത്രമല്ല, വിഡിയോ ഷൂട്ട് ചെയ്യാൻ ആൽവിനോടൊപ്പം എത്രപേർ എത്തിയിരുന്നു, ഇവർ ആരെല്ലാമായിരുന്നു, ആർക്കുവേണ്ടിയായിരുന്നു ചിത്രീകരണം എന്നതിലൊന്നും കൃത്യമായ ഉത്തരമില്ല. നഗരത്തിൽ നെല്ലിക്കോട് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പ്രമോഷന് വേണ്ടിയാണ് ഇവർ റീൽസ് ചിത്രീകരിച്ചതെന്നാണ് പറയപ്പെടുന്നത്. രണ്ടു വാഹനങ്ങളും കസ്റ്റഡിയിലെടുത്ത പൊലീസിന് വാഹനം ആരുടേതാണെന്നും ഉറപ്പിക്കാനായില്ല. ഒരു വാഹനം തെലങ്കാനയിൽ രജിസ്റ്റർ ചെയ്തതാണ്. മറ്റൊന്ന് മലപ്പുറം പയ്യനാട് സ്വദേശിയുടേതാണെന്നാണ് രേഖകളിൽ. ഒരു വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞതായാണ് പ്രാഥമിക കണ്ടെത്താൽ.
രാത്രി വൈകി വെള്ളയിൽ സ്റ്റേഷനിലെത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇരു വാഹനങ്ങളും പരിശോധിച്ചു. അതിനിടെ വാഹനം ഓടിച്ചവരെന്ന് കരുതുന്ന ആൽവിനൊപ്പമുണ്ടായിരുന്ന രണ്ടുപേർ രാത്രി വെള്ളയിൽ സ്റ്റേഷനിൽ ഹാജരായി. ഇവരെ പൊലീസ് ചോദ്യംചെയ്തു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചെങ്കിലും ഇത് പുറത്തുവിടാത്തതും ദുരൂഹതയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ആൽവിനെ കാർ ഇടിച്ചുതെറിപ്പിക്കുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും ഈ ഭാഗത്ത് റോഡിൽ റീൽസ് ചിത്രീകരണം പതിവാണെന്നുമാണ് നാട്ടുകാർ പറയുന്നത്.
റീൽസിന്റെയും മറ്റും വിഡിയോ ചിത്രീകരിക്കുന്ന ജോലികൾ സ്ഥിരമായി ചെയ്യുന്ന ആൽവിൻ ദുബൈയിൽ നിന്നെത്തിയതിനു പിന്നാലെ മൂന്നു ദിവസം മുമ്പാണ് പ്രമോഷൻ ഷൂട്ടിന്റെ ചുമതല ഏറ്റെടുത്തതെന്നാണ് വിവരം. അപകടം നടന്ന ഉടൻ കാറിനടുത്തേക്ക് പ്രദേശവാസികളിൽ ചിലർ ഓടിയെത്തിയെങ്കിലും ആരെയും സഹായത്തിന് വിളിക്കാതെ ഷൂട്ടിനെത്തിയ സംഘംതന്നെയാണ് ആൽവിനെ ആശുപത്രിയിലെത്തിച്ചത്. മരണം നടന്ന് ഉച്ചക്കുശേഷമാണ് സംഭവം പൊലീസിൽ അറിയിച്ചത് എന്നതും സംശയങ്ങൾക്കിടയാക്കുന്നുണ്ട്.