തിരുവനന്തപുരം: ഐടിഐകളിൽ ശനിയാഴ്ച്ച അവധി ദിവസമായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കിയത് കെഎസ് യു സമരത്തിന്റെ വിജയമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. ഐടിഐ പഠന ക്രമം പുന:ക്രമീകരിക്കുക, ശനിയാഴ്ച്ച അവധി ദിവസമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായ എട്ട് ശനിയാഴ്ച്ചകളിൽ പഠിപ്പുമുടക്ക് സമരം നടത്തിയിരുന്നു.
സർക്കാർ തലത്തിൽ നിരന്തരമായ ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു. കെ.എസ്.യു നടത്തിയ നിരന്തരമായ സമരങ്ങളുടെ വിജയമാണിത്. തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. കെ എസ് യു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. നിരന്തരമായ ആവശ്യമുയർന്നിട്ടും വിഷയത്തിൽ അനുകൂലമായ തീരുമാനമെടുക്കാൻ അധികാരികൾ വരുത്തിയ കാലതാമസം പ്രതിഷേധാർഹമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി.
അതേസമയം, ശനിയാഴ്ച അവധിക്കൊപ്പം സുപ്രധാന തീരുമാനവും വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നു. മാസത്തിൽ രണ്ട് ദിവസം ആർത്തവ അവധിയാണ് ഐടിഐകളിൽ അനുവദിച്ചിരിക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ മേഖലകളിലും വനിതകൾ പ്രവർത്തിക്കുന്നു. വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളിൽ പോലും വനിതാ ട്രെയിനികൾ നിലവിലുണ്ട്. ഇക്കാര്യങ്ങൾ എല്ലാം പരിഗണിച്ചാണ് ഐടിഐകളിലെ വനിതാ ട്രെയിനികൾക്ക് ആർത്തവ അവധിയായി മാസത്തിൽ രണ്ട് ദിവസം അനുവദിക്കുന്നത്.
പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഐടിഐ ഷിഫ്റ്റുകൾ പുനർ നിശ്ചയിക്കും. ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മുതൽ വൈകുന്നേരം 3.00 മണി വരെയും രണ്ടാം ഷിഫ്റ്റ് രാവിലെ 10 മണി മുതൽ വൈകുന്നേരം 5. 30 വരെയുമായിരിക്കും. ട്രെയിനികൾക്ക് ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമുള്ളവർക്ക് ഷോപ്പ് ഫ്ളോർ ട്രെയിനിംഗ്, ഹ്രസ്വകാല പരിശീലന കോഴ്സുകൾ എന്നിവയ്ക്കായി മറ്റു പാഠ്യേതര പ്രവർത്തനങ്ങൾക്കായും ഈ ശനിയാഴ്ചകൾ ഉപയോഗപ്പെടുത്താവുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.