കോഴിക്കോട്: കാറിൽ സഞ്ചരിച്ച ദമ്പതികളെ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾ പിടിയിൽ. വെസ്റ്റ്ഹിൽ സ്വദേശികളായ മനത്താനത്ത് മിഥുൻ (21), ബി.ജി റോഡ് ബിന്ദു നിവാസിൽ സഞ്ജയ് (23), റെയിൽവേ സ്റ്റേഷന് സമീപം പക്കുവീട്ടിൽ നിധിൻ (21) എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റുചെയ്തത്.
ഞായറാഴ്ച പുലർച്ച ഒന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. ഈസ്റ്റ്ഹില്ലിൽനിന്ന് സിനിമ കണ്ട് മടങ്ങിയ ദമ്പതികൾ വെസ്റ്റ്ഹില്ലിൽ കാർ നിരത്തി മുഖം കഴുകുന്ന സമയത്ത് ബൈക്കിൽ എത്തിയ പ്രതികൾ ദമ്പതികളെ തെറി പറയുകയും സ്ത്രീയുടെ കൈയിൽ കയറി പിടിക്കുകയുമായിരുന്നു. ദമ്പതികൾ പേടിച്ച് കാറുമായി നടക്കാവ് ഭാഗത്തേക്ക് പോയപ്പോൾ പ്രതികൾ ഇവരെ ബൈക്കിൽ പിന്തുടർന്നു.
ഭയത്താൽ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് കാർ കയറ്റി നിർത്തിയപ്പോൾ യുവാക്കൾ കാറിനടുത്ത് ബൈക്ക് നിർത്തി കാറിനിടിക്കുകയും കേസുകൊടുത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. എസ്.ഐ ജയരാജിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.