കൽപ്പറ്റ: ബാണാസുരസാഗര്‍ അണക്കെട്ടിന്‍റെ ഷട്ടര്‍ ചൊവ്വാഴ്ച രാവിലെ എട്ടിന് തുറക്കും. പ്രദേശവാസികളും അണക്കെട്ടിന്‍റെ ബഹിര്‍ഗമന പാതയിലുള്ളവരും പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ല കലക്ടര്‍ അറിയിച്ചു.
സെക്കന്‍ഡില്‍ 8.5 ക്യൂബിക് മീറ്റര്‍ ജലമാണ് അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കിക്കളയുക. ഘട്ടം ഘട്ടമായി സെക്കന്‍ഡില്‍ 35 ക്യൂബിക് മീറ്റര്‍ വരെ വെള്ളം സ്പില്‍ വേ ഷട്ടര്‍ തുറന്ന് ഒഴുക്കികളയും. അണക്കെട്ടിന്‍റെ സംഭരണശേഷി 773.50 മീറ്ററില്‍ എത്തുന്നതോടെയാണ് അധികജലം ഷട്ടര്‍ തുറന്ന് പുറത്തേക്ക് ഒഴുക്കിക്കളയുന്നത്.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറക്കുക. മുന്‍കരുതലുകളെടുക്കാന്‍ അധികൃതര്‍ക്ക് ജില്ല കലക്ടര്‍ നിർദേശം നല്‍കി.