തളിപ്പറമ്പ്∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ വീണ്ടും കോടതിയിൽ ഹാജരാകാതിരുന്ന സ്വപ്ന സുരേഷിനു പൊലീസ് മുഖേന സമൻസ് അയയ്ക്കാൻ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു. രണ്ടാം പ്രതിയായ വിജേഷ് പിള്ളയ്ക്കു വാറന്റ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. വിജേഷ് പിള്ളയും കേസിൽ ഇതുവരെ കോടതിയിൽ ഹാജരായിരുന്നില്ല.
അദ്ദേഹത്തിന്റെ അഭിഭാഷകൻ തുടർച്ചയായി അവധി അപേക്ഷ നൽകുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെയുള്ള ആരോപണങ്ങൾ പിൻവലിക്കുവാൻ വിജേഷ് പിള്ള മുഖേന 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന സ്വപ്ന സുരേഷിന്റെ ഫെയ്സ്ബുക് പോസ്റ്റിനെതിരെയാണ് ഒരുകോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് എം.വി. ഗോവിന്ദൻ അപകീർത്തി കേസ് നൽകിയത്.