പയ്യോളിയിൽ ‘അമൃത് കുടിവെള്ള’ പദ്ധതിയുടെ പ്രവ്യത്തി ഉദ്ഘാടനം ചെയ്തു

news image
Feb 23, 2024, 3:23 pm GMT+0000 payyolionline.in

 

പയ്യോളി: നഗരസഭയിൽ നടപ്പിലാക്കുന്ന ‘അമൃത് കുടിവെള്ള’ പദ്ധതിയുടെ പ്രവൃത്തി കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് വികസനം നടക്കുന്നതെന്നും ഇതിന്റെ ഉദാഹരണമാണ് ‘അമൃത് കുടിവെള്ള’ പദ്ധതി നഗരസഭയിൽ നടപ്പിലാവുന്നതെന്നും വികസനത്തിന് രാഷ്ട്രീയം പാടില്ലെന്നും എം.പി പറഞ്ഞു. ഫണ്ടുകൾ ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അത് നേടിയെടുക്കാനുള്ള പരിശ്രമമാണ് നടത്തേണ്ടത്. തദ്ദേശസ്ഥാപനങ്ങൾ ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്വമാണ് നിറവേറ്റുന്നതെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു.

 

പയ്യോളി നഗരസഭയിലെ 3 മുതൽ 21 വരെയുള്ള 3750 വീടുകളിൽ പദ്ധതിയുടെ ഭാഗമായി കുടിവെള്ളം ലഭിക്കും. നഗരസഭയിലെ ഡിവിഷൻ 17 ലെ തച്ചൻ കുന്നിലാണ് ടാങ്ക് നിർമ്മിക്കുന്നത്. 50% കേന്ദ്രവിഹിതവും 37.5% സംസ്ഥാന വിഹിതവും 12.5% നഗരസഭ വിഹിതവും ഉൾപ്പെടെ 15.42 കോടി രൂപ അടങ്കലുമുള്ള അമൃത് 2.0 പദ്ധതിയാണ് നഗരസഭയിൽ ആദ്യ ഘട്ടത്തിൽ നടപ്പിലാവുക.

നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി എം.വിജില റിപ്പോർട്ട് അവതരിപ്പിച്ചു. മുഖ്യാഥിതിയായ അമൃത് മിഷൻ എഞ്ചിനിയർ അഭിലാഷ് ,നഗരസഭ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ മുഹമ്മദ് അഷ്റഫ്, മഹിജ എളോടി, പി.എം ഹരിദാസൻ , ഷെജ്മിന അസ്സയിനാർ , പി.എം റിയാസ് ,വാട്ടർ അതോറിറ്റി അസി.എഞ്ചിനിയർ അനിൽകുമാർ, കൗൺസിലർ ടി. ചന്തുമാസ്റ്റർ, മുജേഷ് ശാസ്ത്രി , മഠത്തിൽ അബ്ദുറഹിമാൻ , കണ്ടോത്ത് ചന്ദ്രൻ , എ.കെ ബൈജു , അനിൽകുമാർ എന്നിവർ സംസാരിച്ചു. നഗരസഭ മുൻ ചെയർമാൻ വടക്കയിൽ ഷഫീഖ് സ്വാഗതവും സംഘാടക സമിതി കൺവീനർ എം.വി ബാബു നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe