കോട്ടയം: സോളാർ അഴിമതി ആരോപണങ്ങൾ അന്വേഷിച്ച ജസ്റ്റിസ് ജി. ശിവരാജൻ ഉമ്മൻചാണ്ടിക്കെതിരെ റിപ്പോർട്ട് നൽകാൻ കോടികൾ വാങ്ങിയെന്ന സി.പി.ഐ നേതാവ് സി. ദിവാകരന്റെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം വേണമെന്ന് മകൾ അച്ചു ഉമ്മൻ. നീതിന്യായ സംവിധാനത്തെ സംശയത്തിന്റെ നിഴലിൽ നിർത്തിയതാണ് ദിവാകരന്റെ വെളിപ്പെടുത്തലെന്നും അച്ചു ഉമ്മൻ പറഞ്ഞു.
സോളാർ അന്വേഷണത്തിലെ സി.ബി.ഐ റിപ്പോർട്ട് ഒരു തരത്തിലും ഞെട്ടിച്ചില്ല. ഉമ്മൻചാണ്ടി നിരപരാധിയാണെന്ന് 101 ശതമാനം ഉറപ്പായിരുന്നു. എന്നാൽ, ദിവാകരന്റെ വെളിപ്പെടുത്തൽ ഞെട്ടിച്ചെന്നും അച്ചു പറഞ്ഞു.
സൈബർ ആക്രമണം നേരിടുന്ന സ്ത്രീകൾക്ക് കരുത്തു പകരുക എന്ന ലക്ഷ്യത്തിലാണ് തനിക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ കേസ് കൊടുത്തത്. തെളിവുകൾ ഉൾപ്പെടുത്തി നൽകിയ പരാതി സംസ്ഥാന വനിത കമീഷൻ പരിഗണിക്കാത്തതിൽ നിരാശയുണ്ടെന്നും അച്ചു ഉമ്മൻ ചൂണ്ടിക്കാട്ടി.
തന്നെ പിന്തുണക്കാൻ പാർട്ടിയും കുടുംബവും സുഹൃത്തുക്കളുമുണ്ട്. എന്നിട്ടും പ്രതികരിച്ചില്ലെങ്കിൽ തെറ്റായ സന്ദേശമാണ് നൽകുക. അതിനാലാണ് സൈബർ ആക്രമണത്തിൽ പരാതി നൽകിയത്. ഭയന്നിട്ടാണ് പല സ്ത്രീകളും സൈബർ ആക്രമണങ്ങൾ മനസിൽ ഒതുക്കുന്നതെന്നും അച്ചു ഉമ്മൻ വ്യക്തമാക്കി.