കോഴിക്കോട്: ഇരുവഴിഞ്ഞി പുഴയില്‍ വീണ്ടും നീര്‍നായ അക്രമണം. നീര്‍നായയുടെ ആക്രമണത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് കാരശ്ശേരി സ്വദേശികളായ വൈ പി ഷറഫുദ്ദീന്റെ മകന് മുഹമ്മദ് സിനാന് (12), കൊളോറമ്മല്‍ മുജീബിന്റെ മകന് ഷാന്‍ (13) എന്നിവര്‍ക്കാണ് നീര്‍നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. രണ്ടുപേരുടെയും കാലിനാണ് പരിക്ക്. കാരശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപത്തെ പാറക്കടവിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥികളെയാണ് നീർനായ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. പരിക്കേറ്റ വിദ്യാർത്ഥികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മുമ്പും പുഴയില്‍ നീര്‍നായയുടെ ആക്രമണം ഉണ്ടായിരുന്നു. കഴിഞ്ഞ മാസം നിരവധിപേര്‍ക്കാണ് നീര്‍നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. അടിക്കടിയുണാവുന്ന ആക്രമണം പുഴയോരത്ത് താമസിക്കുന്നവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നീര്‍നായ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇരുവഴിഞ്ഞി പുഴയിലെ നീര്‍നായ്ക്കളുടെ ആക്രമണ സ്വഭാവം ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റമാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.സാധാരണ നീര്നായ്ക്കള് വ്യാപകമായ ആക്രമണം നടത്താറില്ല. ചൂടുകുടുന്നതും മത്സ്യ സമ്പത്ത് കുറയുന്നതും ഇവരെ ആക്രമണകാരികളാക്കുകയാണ്. ആഗസ്റ്ര് മാസം മുതല്‍ ഡിസംബര്‍ മാസം വരെയാണ് നീര്‍നായ്ക്കളുടെ പ്രജനനകാലം.