നിയമന കോഴക്കേസ്: അഖില്‍ സജീവനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

news image
Oct 7, 2023, 8:59 am GMT+0000 payyolionline.in

പത്തനംതിട്ട: വിവാദ നിയമന കോഴക്കേസിലെ മുഖ്യപ്രതി അഖിൽ സജീവിനെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.  ഇന്ന് രാവിലെയാണ് അഖില്‍ സജീവിനെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയത്. പ്രതി അഖില്‍ സജീവനെ കോടതിയില്‍ ഹാജരാക്കാന്‍ വൈകിയെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍, സംസ്ഥാനത്ത് പത്തിലധികം തട്ടിപ്പു കേസുകളില്‍ അഖില്‍ സജീവ് പ്രതിയാണെന്നും വിശദമായ അന്വേഷണം ആവശ്യമായിരുന്നുവെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. വിശദമായ ചോദ്യം ചെയ്യലിനായി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവി‍ട്ടു.

 

സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ നടത്തിയ ഫണ്ട് തട്ടിപ്പ് കേസിലാണ് നിലവിൽ അഖില്‍ സജീവന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ നിയമനക്കോഴയുടെ മുഖ്യ ആസൂത്രകർ റഹീസ് ഉൾപ്പെടുന്ന കോഴിക്കോട് സംഘമെന്നാണ് അഖിൽ സജീവ് മൊഴി നൽകിയത്. ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് എന്ന രീതിയിൽ ആൾമാറാട്ടം നടത്തി പണം തട്ടിയത് ഈ സംഘമാണെന്നും അഖിൽ സജീവിന്റെ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരനായ ഹരിദാസനെ അറിയില്ലെന്നും അഖിൽ പറഞ്ഞിട്ടുണ്ടെങ്കിലും മൊഴികൾ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പരാതിക്കാരനായ ഹരിദാസൻ ഒളിവിൽ പോയെന്നും കന്‍റോൺമെന്‍റ് പൊലീസ് പറയുന്നു.

 

 

അതേസമയം, അഖിൽ സജീവ് ഉൾപ്പെട്ട സ്പൈസസ് ബോർഡ് തട്ടിപ്പ് കേസിൽ യുവമോർച്ച നേതാവിനെയും പത്തനംതിട്ട പൊലീസ് പ്രതിചേർത്തിട്ടുണ്ട്. കേസിൽ ബാസിത്തിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാൻ കന്റോൺമെന്റ് പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ബാസിത്തിനോട് ഇന്ന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസം മുൻപ് ബാസിത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എന്നാൽ അഖിൽ സജീവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനം.കോഴ ആരോപണം ഉന്നയിച്ച ഹരിദാസനുമായി ബാസിത്തിന് അടുത്ത ബന്ധമാണുള്ളത്.

 

 

രണ്ട് പേരുടെയും മൊഴികളിൽ സംശയങ്ങൾ ഉള്ളതിനാലാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ ഹരിദാസൻ ഒളിവിൽ പോയി. ബാസിത്തും പ്രതികരിക്കുന്നില്ലെന്ന് കന്റോൺമെന്റ് പൊലീസ് പറയുന്നു. ബാസിത്തും സുഹൃത്തുക്കളും ചേർന്നാണ് കോഴ നിയമനം ആസൂത്രണം ചെയ്തതെന്നാണ് മുഖ്യപ്രതിയായ അഖിൽ സജീവിന്റെ മൊഴി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe