പത്താം ക്ലാസുകാരനെ വണ്ടിയിടിച്ച് കൊന്ന സംഭവം; പൊലീസിന് വീഴ്ച സംഭവിച്ചോ എന്നതില്‍ അന്വേഷണം

news image
Sep 14, 2023, 4:22 am GMT+0000 payyolionline.in

തിരുവനന്തപുരം: പൂവ്വലിൽ പത്താം ക്ലാസുകാരനെ വണ്ടിയിടിച്ച് കൊന്ന സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം. കാട്ടാക്കട പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ഡിഐജി നിശാന്തിനിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അഡീഷണൽ എസ്പി സുൽഫിക്കറാണ് അന്വേഷണം നടത്തുക. കുട്ടിയെ കാര്‍ ഇടിച്ച് കൊല്ലുന്ന സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടും പൊലീസ് തുടർ നടപടികൾ വൈകിപ്പിച്ചുവെന്നാണ് പരാതി.

കാട്ടാക്കട പൂവച്ചൽ സ്വദേശിയായ അരുൺ കുമാറിന്റെയും ഷീബയുടെയും മകനായ ആദിശേഖർ കഴിഞ്ഞ മാസം 30നാണ് കൊല്ലപ്പെട്ടത്. തുടക്കത്തിൽ അപകട മരണം എന്നുകരുതിയ സംഭവം സിസിടിവി ദൃശ്യം പുറത്തുവന്നതോടെയാണ് കരുതിക്കൂട്ടിയുള്ള കൊലപാതകം എന്ന തരത്തിലേക്ക് വന്നത്. 15കാരൻ ആദിശേഖറിന്റേത് കരുതിക്കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം തന്നെയെന്നാണ് പൊലീസ് അനുമാനിക്കുന്നത്. പ്രിയരഞ്ജൻ അരമണിക്കൂർ കാത്തുനിന്ന് ആദിശേഖർ റോഡിലേക്ക് സൈക്കിളുമായി കയറിയപ്പോഴാണ് കാർ സ്റ്റാർട്ട് ചെയ്ത് അതിവേഗത്തിൽ ഇടിച്ച് തെറിപ്പിച്ചത്. അപകടം ഉണ്ടാക്കിയ ശേഷം സ്ഥലത്ത് നിന്ന് പ്രതി രക്ഷപ്പെടുന്നതും സിസിടിവിയിൽ നിന്നും വ്യക്തമാണ്. പുളിക്കോട് ക്ഷേത്ര പരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന് ബന്ധുകൂടിയായ ആദിശേഖറിനോട് പ്രിയരഞ്ജന് വൈരാഗ്യം ഉണ്ടെന്നാണ് മാതാപിതാക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു. കാറ് വേഗത്തിലോടിച്ച് കുട്ടിയെ ഒന്ന് പേടിപ്പിക്കണം എന്നേ ഉണ്ടായിരുന്നുള്ളു എന്നാണ് പ്രിയരഞ്ജൻ പൊലീസിനോട് പറയുന്നത്. എന്നാൽ പൊലീസ് ഈ മൊഴി മുഖവിലയ്ക്ക് എടുത്തിട്ടില്ല.

കേസിൽ ശാസ്ത്രീയ തെളിവ് ശേഖരണവും കാട്ടാക്കട പൊലീസ് ആരംഭിച്ചിട്ടുണ്ട്. പ്രിയരഞ്ജൻ കുട്ടിയെ അപായപ്പെടുത്താൻ ഉപയോഗിച്ച ഇലക്ട്രിക് കാർ ഫൊറൻസിക് വിഭാഗം പരിശോധിച്ചു. വിരലടയാളങ്ങളും കാറിലെ ചോരപ്പാട് ഉൾപ്പടെയുള്ള തെളിവുകൾ ശേഖരിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കാറ് വിശദമായി പരിശോധിച്ചു. നരഹത്യയ്ക്കാണ് പൊലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇതിനിടെ ആദിശേഖറിന്റെ കുടുംബത്തെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച് പ്രതിയെ രക്ഷിച്ചെടുക്കാനുള്ള ഒരു ശ്രമം നടക്കുന്നുണ്ട്. പ്രതി പ്രിയരഞ്ജന്റെ ബന്ധുക്കളാണ് ഇതിന് പിന്നിലെന്ന് കാട്ടി ആദിശേഖറിന്റെ കുടുംബം കാട്ടാക്കട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe