ആലുവ: അപകടത്തിൽ പരിക്കേറ്റ യുവാവിന് രക്ഷകനായി അൻവർ സാദത്ത് എം.എൽ.എ. വെള്ളിയാഴ്ച ഉച്ച 1.30 ഓടെ ആലുവ പമ്പ് കവലയിൽ മാതാ തിയറ്റർ പരിസരത്താണ് സംഭവം.
ഇതുവഴി പോകവെ റോഡിൽ മറിഞ്ഞുകിടക്കുന്ന പിക്കപ്പ് ലോറി കണ്ട് ഇറങ്ങി നോക്കിയപ്പോൾ വാഹനത്തിലുണ്ടായിരുന്ന കീഴ്മാട് സ്വദേശി സതീശിനെ (38) പുറത്തെടുത്ത് കൊണ്ടിരിക്കുകയായിരുന്നു. കൈക്ക് ഗുരുതര പരിക്കേറ്റ സതീശിൻറെ കൈയ്യിൽ നിന്ന് വലിയ അളവിൽ രക്തം പോകുന്നുണ്ടായിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചപ്പോഴാണ് ഒരു വിരൽ അറ്റുപോയതായി അറിഞ്ഞത്. പരിക്കേൽക്കാതെ രക്ഷപ്പെട്ട പിക്കപ്പിൻറെ ഡ്രൈവറെയും കൂട്ടി ആശുപത്രിയിൽ എളുപ്പം എത്താൻ ഉൾവഴിയിലൂടെ ഓട്ടോറിക്ഷയിൽ കയറ്റി വിട്ടു. അതിന് ശേഷം, പിക്കപ്പ് നിവർത്തി വിരലെടുക്കാൻ പരിസരത്തുണ്ടായിരുന്നവരുടെ സഹായത്തോടെ എം.എൽ.എ ശ്രമിച്ചു. എന്നാൽ, വാഹനത്തിനകത്ത് വലിയ ലൈത്ത് മെഷീൻ ഉണ്ടായിരുന്നതിനാൽ പിക്കപ്പ് ഉയർത്താൻ കഴിഞ്ഞില്ല. തുടർന്ന് എം.എൽ.എ നിലത്തിരുന്ന് പിക്കപ്പിൻറെ കാബിനകത്ത് കൈയ്യിട്ട് വിരൽ തപ്പിയെടുത്തു. ഇത് കവറിലാക്കി മറ്റൊരു ഓട്ടോറിക്ഷയിൽ കാരോത്തുകുഴി ആശുപത്രിയിലേക്ക് കൊടുത്തുവിട്ടു. പിന്നാലെ എം.എൽ.എയും ആശുപത്രിയിലെത്തി.
ഈ ആശുപത്രിയിൽ വിരൽ തുന്നിപിടിപ്പിക്കാൻ സൗകര്യമില്ലാത്തതിനാൽ ഉടൻ ആംബുലൻസ് വിളിച്ച് എറണാകുളം സ്‌പെഷലിസ്റ്റ് ആശുപത്രിയിലേക്ക് അയച്ചു. അറ്റുപോയ വിരലിന് പുറമെ മറ്റു വിരലുകൾക്കും കാര്യമായ പരിക്കുള്ളതായി ആശുപത്രി അധികൃതർ പറഞ്ഞതായി എം.എൽ.എ പറഞ്ഞു. വിദഗ്ധ പരിശോധനക്ക് ശേഷം ശസ്ത്രക്രിയ നടത്തുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.