കുവൈത്ത് സിറ്റി: ചന്ദ്രയാൻ-3 വിജയത്തിൽ ഇന്ത്യക്ക് കുവൈത്തിന്റെ അഭിനന്ദനം. കുവൈത്ത് ഭരണനേതൃത്വം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനസന്ദേശം അയച്ചു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ ചന്ദ്രയാൻ-3 ബഹിരാകാശപേടകം സോഫ്റ്റ് ലാൻഡിങ് നടത്തിയതിന് ആത്മാർഥമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് വ്യക്തമാക്കി.
ബഹിരാകാശശാസ്ത്രത്തിലെ ഈ ചരിത്രനേട്ടം മുഴുവൻ മനുഷ്യരാശിക്കും ഉപയോഗപ്പെടുമെന്നും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐ.എസ്.ആർ.ഒ) മഹത്തായ വിജയമാണ് നേടിയതെന്നും അമീർ സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രിക്കും സർക്കാറിനും ജനങ്ങൾക്കും അദ്ദേഹം ആശംസകൾ അറിയിച്ചു.
കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനസന്ദേശം അയച്ചു. ചന്ദ്രയാൻ-3 ചരിത്രനേട്ടമാണ് കൈവരിച്ചതെന്ന് അദ്ദേഹം സൂചിപ്പിച്ചു. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് ഇന്ത്യക്ക് അഭിനന്ദനങ്ങൾ നേർന്നു. കുവൈത്ത് പാർലമെന്റ് സ്പീക്കർ അഹമദ് അൽ സദൂനും ചന്ദ്രയാൻ-3 വിജയത്തിൽ ഇന്ത്യക്ക് ആശംസകൾ നേർന്നു.