ചന്ദ്രയാൻ -3; ചന്ദ്രനിലെ സോഫ്റ്റ് ലാൻഡിങ്ങിന് ഇനി മണിക്കൂറുകൾ മാത്രം

news image
Aug 22, 2023, 2:58 pm GMT+0000 payyolionline.in

ന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ -3 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കെ ലോകമാകെ ഉറ്റുനോക്കുകയാണ്. ചന്ദ്രയാൻ-രണ്ടിന്റെ പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ടാണ് സോഫ്റ്റ് ലാൻഡിങ് എന്ന ദുഷ്കരമായ ദൗത്യത്തിന് ഐഎസ്ആർഒ തയ്യാറെടുക്കുന്നത്. കരുതിയത്ര എളുപ്പമല്ല കാര്യങ്ങളെന്നാണ് വസ്തുത. അതിനുള്ള കാരണമാകട്ടെ ചന്ദ്രന്റെ പ്രത്യേകതകളും. ചന്ദ്രനിൽ അന്തരീക്ഷമോ വായുവോ ഇല്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. പാറകളും ഗ‍ർത്തങ്ങളും നിറഞ്ഞ ഉപരിതലം. ഗുരുത്വാക‍ർഷണ ബലമാകട്ടെ ഭൂമിയിലേതിന്റെ ആറിൽ ഒന്ന് മാത്രം.

അന്തരീക്ഷവും വായുവും ഉണ്ടായിരുന്നെങ്കിൽ പാരച്യൂട്ടും ബലൂണും ഒക്കെ ഉപയോഗിച്ച് സുഖമായി  ലാൻഡ് ചെയ്യാമായിരുന്നു. അതില്ലാത്ത സാഹചര്യത്തിൽ ഏക പോംവഴി  ത്രസ്റ്ററുകൾ ഉപയോഗിച്ച് പേടകം ഇറങ്ങുന്ന വേഗത നിയന്ത്രിക്കൽ മാത്രമാണ്. ഗുരുത്വാക‍ർഷണത്തിൽ മാറ്റമുള്ളത് കൊണ്ട് തന്നെ പേടകത്തിന്റെ ഭൂമിയിലെ ഭാരമായിരിക്കില്ല ചന്ദ്രനിൽ. ചന്ദ്രനിലെ ഗുരുത്വബലത്തിന് അനുസരിച്ച് പേടകത്തിന്റെ വേഗം നിയന്ത്രിക്കൽ തന്നെയാണ് പ്രധാന സാങ്കേതിക വെല്ലുവിളികളിൽ ഒന്ന്. ചന്ദ്രനിൽ എല്ലായിടത്തും ഗുരുത്വാക‍ർഷണ പ്രഭാവം ഒരുപോലെയല്ല എന്നതാണ് അടുത്ത പ്രശ്നം. ഇറങ്ങാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തലും വെല്ലുവിളിയാണ്. പാറയിലോ കുഴിയിലോ ചെന്നിറങ്ങിയാൽ പേടകം നശിക്കും. കാര്യമായ പ്രതിബന്ധങ്ങളൊന്നും ഇല്ലാത്ത സ്ഥലം നോക്കി വേണം ഇറങ്ങാൻ. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ എടുത്ത ചിത്രങ്ങളുടെ സഹായത്തോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് അടുത്തൊരു അനുയോജ്യമായ സ്ഥലം ഐഎസ്ആ‌ർഒ കണ്ടുപിടിച്ചിട്ടുണ്ട്. അടുത്ത പ്രശ്നം ചന്ദ്രനിലെ പൊടിയാണ്. ലാൻഡിംഗ് സമയത്ത് ഉയരുന്ന പൊടി പേടകത്തിന് കേട് വരുത്താനുള്ള സാധ്യതയും മുൻകൂട്ടി കാണണം.

ഈ വെല്ലുവിളികളെല്ലാം നേരിടാൻ സജ്ജമായാണ് ചന്ദ്രയാൻ മൂന്ന് ദൗത്യം തയ്യാറാക്കിയിരിക്കുന്നത്. ലാൻഡ‌ർ പൊസിഷൻ ഡിറ്റക്ഷൻ ക്യാമറ, ലാൻഡർ ഹസാർ‍ഡ് ഡിറ്റക്ഷൻ ക്യാമറ, ലാൻഡർ ഹൊറിസോണ്ടൽ വെലോസിറ്റി ക്യാമറ എന്നിങ്ങനെ മൂന്ന് പ്രധാന ക്യാമറകളും 9 സെൻസറുകളുമാണ് ലാൻഡിങ്ങിൽ സഹായിക്കാനുള്ളത്. ചന്ദ്രോപരിതലത്തിലേക്ക് അടുത്ത് കൊണ്ടിരിക്കെ പേടകത്തിന്റെ ഉയരവും വേഗവും കൃത്യമായി അറിയാൻ ഈ 9 സെൻസറുകൾ സഹായിക്കും. അത്യാവശ്യം ആഘാതം നേരിടാൻ പാകത്തിന് ലാൻഡറിന്റെ കാലുകളെ കൂടുതൽ ബലപ്പെടുത്തിയിട്ടുമുണ്ട്. ചെറിയ ചെരിവുള്ള സ്ഥലമാണെങ്കിൽ സ്വയം ബാലൻസ് ചെയ്യാനും ലാൻഡറിന് പറ്റും..

നാല് പ്രധാന എഞ്ചിനുകൾക്ക് പുറമേ  എട്ട് ചെറു എഞ്ചിനുകളും പേടകത്തിന് അടിയിലുണ്ട്. 800 ന്യൂട്ടൺ ശേഷിയുള്ള  പ്രധാന നാല് എഞ്ചിനുകളുടെ ശക്തിയാണ് ലാൻഡറിനെ ചന്ദ്രനിൽ ഇറക്കുക. സെൻസറുകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലാൻഡിങ്ങ് നിയന്ത്രിക്കുക പേടകത്തിൽ നേരത്തെ പ്രോഗ്രാം ചെയ്തിട്ടുള്ള സോഫ്റ്റ്‍വെയറാണ്. ഭൂമിയിലേക്ക് വിവരം അയച്ച് ഒരു മറുപടി വരാൻ കാത്തിരിക്കാനുള്ള സമയമില്ലാത്തതിനാൽ തന്നെ സോഫ്റ്റ്‍വെയറിന്റെ കണിശതയും ദൗത്യത്തിൽ നിർണായകമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe