ബംഗളൂരു: കറുത്തവനെന്ന് വിളിച്ച് പരിഹസിച്ച ഭാര്യയില്‍നിന്ന് ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ച് കര്‍ണാടക ഹൈകോടതി. നിറത്തിന്റെ പേരില്‍ അപമാനിക്കുന്നത് ക്രൂരതയാണെന്നും ഇതിന്റെ പേരില്‍ പരിഹസിക്കുന്നത് വിവാഹ മോചനത്തിനുള്ള ശക്തമായ കാരണമാണെന്നും ജസ്റ്റിസ് അലോക് ആരാദേയും ജസ്റ്റിസ് ആനന്ദ് രാമാനന്ദ് ഹെഗ്ഡേയും അടങ്ങുന്ന ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. 44 കാരന് 41കാരിയില്‍ നിന്നുള്ള വിവാഹമോചന കേസിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്.
16 വര്‍ഷം നീണ്ട വിവാഹ ബന്ധത്തിനാണ് ഹൈകോടതി ഇടപെടലോടെ വിരാമമായത്. സൂക്ഷ്മമായ വിശകലനത്തില്‍ ഭാര്യ നിറത്തിന്റെ പേരില്‍ ഭര്‍ത്താവിനെ നിരന്തരം പരിഹസിച്ചിരുന്നതായും ഇതേ കാരണത്താൽ ഭര്‍ത്താവിന്റെ അടുത്തുനിന്ന് മാറിത്താമസിച്ചതായും കോടതി കണ്ടെത്തി. ഇത് മറച്ചുവെക്കാൻ ഭർത്താവിനെതിരെ അവിഹിതം ഉൾപ്പെടെയുള്ള തെറ്റായ ആരോപണങ്ങൾ ഉയർത്തിയതായും കണ്ടെത്തിയ കോടതി ഇത് ക്രൂരതയാണെന്നും വിലയിരുത്തി.
2007ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ട്. 2012ല്‍ ഭര്‍ത്താവ് ബംഗളൂരു കുടുംബ കോടതിയെ വിവാഹ മോചനത്തിനായി സമീപിച്ചിരുന്നു. എന്നാല്‍, അവിഹിതം അടക്കമുള്ള ആരോപണങ്ങളാണ് യുവതി ഭർത്താവിനെതിരെ ഉയർത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും തന്നെ പീഡിപ്പിക്കുകയാണെന്ന് കാണിച്ച് കേസ് നൽകുകയും ചെയ്തു. കുട്ടിയുമായി പുറത്ത് പോകാന്‍ പോലും അനുവദിക്കാത്ത സാഹചര്യമാണെന്നും മറ്റൊരു യുവതിയുമായുള്ള ബന്ധത്തില്‍ ഭര്‍ത്താവിന് കുട്ടിയുണ്ടെന്നും ഇവർ കുടുംബ കോടതിയിൽ ആരോപിച്ചു. യുവതിയുടെ ആരോപണങ്ങള്‍ പരിഗണിച്ച കുടുംബ കോടതി 2017ലാണ് ഭര്‍ത്താവിന്റെ വിവാഹ മോചന ഹരജി തള്ളിയത്. ഇതോടെയാണ് ഭർത്താവ് ഹൈകോടതിയെ സമീപിച്ചത്.
മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന യുവതിയുടെ വാദം കള്ളമാണെന്ന് ഹൈകോടതി കണ്ടെത്തി. നിറത്തിന്റെ പേരിലുള്ള ഭാര്യയുടെ പരിഹാസം കുഞ്ഞിനെ കരുതി വലിയ രീതിയില്‍ ഭര്‍ത്താവ് സഹിക്കുകയായിരുന്നെന്നും ബന്ധം പുനഃസ്ഥാപിക്കാൻ യുവതി ഒരു ശ്രമവും നടത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.