പാലക്കാട്: വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ കെ വിദ്യക്കെതിരെ ആവശ്യമായ എല്ലാ തെളിവുകളും ലഭിച്ചതായി അഗളി പൊലീസ് വ്യക്തമാക്കി. വിദ്യയെ ഇനിയും കസ്റ്റഡിയിൽ ആവശ്യമില്ല. വ്യാജ സർട്ടിഫിക്കറ്റിന്റെ ഉറവിടം പൊലീസ് കണ്ടെത്തിയതായാണ് സൂചന. സൈബർ വിദഗ്ധർ വിദ്യയുടെ ഫോണുകൾ പരിശോധിച്ചു.
മഹാരാജാസ് കോളേജിലെ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയാണ് മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ. കേസിൽ വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാർക്കാട് കോടതി ഇന്ന് പരിഗണിക്കും. കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ ഗൂഢാലോചനയാണ് പിന്നിലെന്നുമുള്ള വാദം ഇന്നും വിദ്യയുടെ അഭിഭാഷകൻ ആവർത്തിക്കും.
സകല മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് വിദ്യയുടെ അറസ്റ്റ് എന്നും തീവ്രവാദ കേസുകളിലെ പ്രതിയോടെന്ന പോലെയാണ് പൊലീസ് പെരുമാറുനതെന്നും പ്രതിഭാഗം കോടതിയെ അറിയിക്കും. വിദ്യയുടെ ആരോഗ്യസ്ഥിതിയും കോടതിയെ ധരിപ്പിക്കും. ജൂലായ് 6 വരെയാണ് വിദ്യയുടെ റിമാൻറ് കാലാവധി. ഇതിനിടെ നീലേശ്വരം പൊലീസും വിദ്യയ്ക്കായി കസ്റ്റഡി അപേക്ഷ നൽകുമെന്നും കരുതുന്നുണ്ട്.