പത്തനംതിട്ട: ഒമ്പതുമാസം മുമ്പ് പെരുനാട്ടിൽ 12 വയസ്സുകാരി അഭിരാമി പേവിഷബാധയേറ്റ് മരിച്ചതിന്റെ തേങ്ങലടങ്ങും മുമ്പ് മലയോര ജില്ല തെരുവുനായ് ഭീഷണിയിൽ. വന്യമൃഗങ്ങൾ ജില്ലയിലെ വനപ്രദേശങ്ങളോട് ചേർന്ന ജനവാസ മേഖലയിൽ ഭീതി പരത്തുന്നതിനിടെയാണ് ജനം മറ്റൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. കഴിഞ്ഞദിവസങ്ങളിൽ റാന്നി, പെരുനാട്, വടശ്ശേരിക്കര തുടങ്ങിയ പ്രദേശങ്ങളിൽ തെരുവുനായ് ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്.
ആക്രമണത്തിൽ പരിക്കേറ്റ പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീന ഭവനിൽ അഭിരാമിക്ക് പ്രതിരോധ കുത്തിവെപ്പെടുത്തിട്ടും ജീവൻ നഷ്ടപ്പെടുകയായിരുന്നു. ഈ സമയത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിരോധ വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ച വിവാദം കത്തിനിന്നു.
ചികിത്സ സൗകര്യങ്ങളിൽ പിന്നാക്കം നിൽക്കുന്ന മലയോര ജില്ലയിൽ മൃഗങ്ങളുടെ ആക്രമണം മുന്നിൽകണ്ട് പ്രതിരോധ വാക്സിനുകൾ സംഭരിക്കേണ്ട ആരോഗ്യ വകുപ്പ് ഇപ്പോഴും ഉറക്കംവിട്ടുണർന്നിട്ടില്ല എന്നതിന്റെ തെളിവാണ് പേവിഷബാധ പ്രതിരോധ അനുബന്ധ വാക്സിന് നേരിടുന്ന ക്ഷാമം. പേവിഷ ബാധക്കെതിയെ മിക്കവാറും രോഗികൾക്ക് നൽകുന്ന ആന്റി റാബീസ് ഇമ്യൂണോ ഗ്ലോബുലിൻ ആന്റി ബോഡി മരുന്നിനാണ് ക്ഷാമം.
മേയ് അവസാനത്തോടെ സ്റ്റോക്ക് എത്തുമെന്ന് കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ അറിയിച്ചിരുന്നെങ്കിലും ജില്ലയിൽ ലഭ്യമായിട്ടില്ല. മൃഗങ്ങളിൽനിന്ന് ആഴത്തിൽ മുറിവേറ്റാൽ നൽകുന്ന ഐ.ഡി.ആർ.വി വാക്സിനൊപ്പമാണ് ആന്റി റാബീസ് ഇമ്യൂണോ ഗ്ലോബുലിനും കുത്തിവെക്കുന്നത്. ജില്ലയിലെ ഏഴ് ആശുപത്രികളിൽ കോന്നി മെഡിക്കൽ കോളജിലെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലെയും കാരുണ്യ ഫാർമസികളിൽ മാത്രമാണ് ഇപ്പോൾ മരുന്നു ലഭ്യം.
ഈ രണ്ട് ആശുപത്രികളിലും കോഴഞ്ചേരിയിലെ ജില്ല ആശുപത്രി, അടൂർ, ജനറൽ ആശുപത്രി, തിരുവല്ല, റാന്നി താലൂക്ക് ആശുപത്രികൾ, പമ്പ സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും ഒരു ഡോസ് മരുന്നുപോലും ഇല്ല. കേരള മെഡിക്കൽ സർവിസ് കോർപറേഷൻ കാലതാമസം വരുത്തുന്നതിനാൽ തനത് ഫണ്ട് ഉപയോഗിച്ച് ആശുപത്രികൾ മരുന്നു വാങ്ങി രോഗികൾക്ക് ലഭ്യമാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
മൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റ് ഏറ്റവും കൂടുതൽ രോഗികൾ എത്തുന്ന ജില്ല ആസ്ഥാനത്തെ ജനറൽ ആശുപത്രിയിൽ മരുന്ന് എത്തിയാൽ ഉടൻ തീരുന്ന അവസ്ഥയാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. തെരുവുനായ് ആക്രമണത്തിൽ ചികിത്സക്കെത്തുന്ന ഭൂരിഭാഗം പേരും സ്വകാര്യ ഫാർമസികളിൽനിന്നാണ് മരുന്നു വാങ്ങുന്നത്. അയൽ ജില്ലകളിലും മരുന്നിന്റെ ക്ഷാമമുണ്ടെന്ന് അറിയുന്നു.